ആഡംബരജീവിതം നയിക്കുന്ന ഉദ്യോഗസ്ഥർക്ക് കുരുക്കുമായി ബി.എസ്.എഫ്

soldier
SHARE

ആഡംബരജീവിതം നയിക്കുന്ന ഉദ്യോഗസ്ഥരെ, സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പുതിയ മാനദണ്ഡത്തിനെതിരെ ബി.എസ്.എഫില്‍ പ്രതിഷേധം ശക്തമാകുന്നു. കള്ളക്കടത്ത് അടക്കമുള്ള കേസുകളില്‍ ഉദ്യോഗസ്ഥര്‍ കണ്ണികളാകുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ നടപടി. അതേസമയം, ഇത്തരം മാനദണ്ഡങ്ങള്‍ വിഡ്ഢിത്തരമാണെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. 

പാക്കിസ്ഥാന്‍, ബംഗ്ളാദേശ് അതിര്‍ത്തികളില്‍ ജോലിചെയ്യുന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥരുടെ ജീവിതരീതികള്‍ പരിശോധിക്കാനാണ് നീക്കം. ആഡംബര ക്ളബുകളില്‍ അംഗമാകുന്ന ഉദ്യോഗസ്ഥര്‍, ആഡംബര ജീവിതം നയിക്കുന്നവര്‍, വരുമാനത്തിലെ പൊരുത്തക്കേടുകള്‍ എന്നീകാര്യങ്ങളില്‍ വിജിലന്‍സ് പരിശോധനയുണ്ടാകും. ഇത്തരം ജീവിതരീതികളുള്ള ഉദ്യോഗസ്ഥരെ സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

 ഔദ്യോഗികമായി മാത്രം ഇടപെടേണ്ട വ്യക്തികളുമായി വീടുകളിലോ ഹോട്ടലുകളിലോ മറ്റിടങ്ങളിലോ വച്ച് കൂടിക്കാഴ്ച നടത്തുന്നതും സംശയത്തോടെ കാണും. എന്നാല്‍, ഇത്തരം പരിശോധനകളും നടപടികളും ജവാന്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും നീക്കം പിന്‍വലിക്കണമെന്നും ഒരു സംഘം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്. ബംഗ്ളാദേശ് അതിര്‍ത്തിയിലെ ബി.എസ്.എഫ് കമാന്‍ഡിങ് ഓഫീസറെ നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപയുമായി സി.ബി.ഐ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഒപ്പം, ഉന്നതഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ പെണ്‍കെണിയിയില്‍പെടുത്തി രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും, പരിശോധനകള്‍ ശക്തമാക്കാനുള്ള നീക്കത്തിന് കാരണമായി.

MORE IN INDIA
SHOW MORE