‘കാപ്പിയിൽ വിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചു’ യുപി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം

yogi-adityanath
SHARE

ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പ്രതിരോധത്തിലാക്കി വന്‍ ആരോപണം. മുഖ്യമന്തി യോഗി ആദിത്യനാഥിന്‍റെ സ്വപ്ന പദ്ധതിയായ ‘സിഎം ഹെൽപ്പ്‌ലൈനി’ല്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് തങ്ങളെ കാപ്പിയില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കോൾ സെന്ററിലെ പത്തോളം പെൺകുട്ടികളെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് കോൾസെന്ററിലെ പീഡനകഥകളെക്കുറിച്ച് ആരോപണമുയരുന്നത്.

2017 ഡിസംബറിൽ കോൾസെന്റർ ആരംഭിച്ചതിൽ പിന്നെ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. ഉത്തർപ്രദേശിലെ ഗോമതിനഗറിൽ സ്ഥാപിച്ചിട്ടുളള കോൾസെന്ററിലെ 200 ഓളം ജീവനക്കാർ മാസങ്ങളായി പ്രതിഷേധ സമരത്തിലാണ്. മൂന്ന് മാസത്തോളമായി ശമ്പളയിനത്തിൽ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. ഇന്നലെ സമരക്കാരെ പ്രത്യേകമായി  യോഗത്തിനു ക്ഷണിക്കുകയും വെളള പേപ്പറിൽ ഒപ്പിട്ടു വാങ്ങാനും ശ്രമം നടന്നു. മുദ്ര പതിപ്പിച്ച വെളള പേപ്പറിൽ ഒപ്പിട്ടു നൽകാതിരുന്നവർക്ക് യോഗത്തിൽ വിതരണം ചെയ്ത കാപ്പിയിൽ വിഷം ചേർത്തു നൽകി എന്നാണ് സ്ത്രീകളുടെ ആരോപണം. 

എന്നാല്‍ ശാരീരിക അവശതകള്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് യുപി പൊലീസിന്‍റെ വിശദീകരണം. യോഗത്തിൽ നൽകിയ കാപ്പി കുടിച്ചതോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കോൾസെന്ററിന്റെ പ്രവർത്തനം നാല് മാസത്തിലേയ്ക്ക് കടക്കുമ്പോൾ ശമ്പളം നൽകുകയോ അപ്പോയിന്റ്മെന്റ് ഓർഡര്‍ നൽകുകയോ ചെയ്തിട്ടില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. അഞ്ഞൂറോളം ടെലി കോളേഴ്സിനെ കോൾ സെന്ററിലേയ്ക്കായി നിയമിച്ചിരുന്നു. 1000 പേരെ കൂടി റിക്രൂട്ട് ചെയ്യാനും തീരുമാനിച്ചിരുന്നു.

ഉത്തർപ്രദേശിൽ വൻ ‍നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന പ്രഖ്യാപനമാണ് യോഗി ആദിത്യനാഥ് അധികാരത്തിൽ വന്നപ്പോൾ നടത്തിയത്. 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു വാദം. യോഗി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതിയായ സിഎം ഹെൽപ്പ്‌ലൈൻ 1076 ഉം ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു. ഏത് കാര്യങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫീസുമായി പൊതുജനങ്ങൾക്ക് സംവദിക്കാനായിരുന്നു ഇത്തരത്തിലുളള സംവിധാനം. എന്നാൽ മുഖ്യമന്ത്രിയേയും ഉദ്യോഗസ്ഥരെയും ഒന്നടക്കം പ്രതിരോധത്തിലാക്കുന്ന വാർത്തകളാണ് ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്നത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.