കാലം തീരാറായി; എന്തുചെയ്തെന്ന് പറയാന്‍‌ നേരമായി: മോദിയോട് രാഹുല്‍

rahul
SHARE

പ്രസംഗങ്ങൾ നടത്തി സമയം പാഴാക്കാതെ പ്രവർത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർമിപ്പിച്ച് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി.  സിദ്ധരാമയ്യ സർക്കാരിനെതിരെ പറയത്തക്ക അഴിമതി ഒന്നുമില്ലെന്നും, കോൺഗ്രസിനെ  വീണ്ടും അധികാരത്തിലേറ്റി ജനക്ഷേമ പ്രവർത്തനങ്ങൾ തുടരാൻ അവസരം നൽകണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.

കർണാടകയിൽ വിവിധയിടങ്ങളിൽ വൻ സ്വീകരണം ഏറ്റുവാങ്ങി നടത്തിയ ജനാശീർവാദ യാത്രയിലാണ്, ബിജെപി  ഭരണത്തിനെതിരെ രാഹുൽ ആഞ്ഞടിച്ചത്. ഭരണകാലാവധി പൂർത്തിയാകാറായെന്നും വീണ്ടും വോട്ടു ചോദിച്ച് ജനത്തിനു മുന്നിലേയ്ക് പോകുമ്പോൾ രാജ്യത്തിനായി എന്തു ചെയ്തെന്നു വിശദീകരിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി ഓർമിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഞ്ചുവർഷമായിട്ടും അക്കൗണ്ട് തുറക്കാത്ത സർക്കാരാണ് മോദിയുടേതെന്നും,തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, കള്ളപ്പണം  തടയുന്നതിലും ബി ജെ പി പരാജയപ്പെട്ടെന്നും  കരതഗിയിൽ നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ ആരോപിച്ചു. 

കോൺഗ്രസിനെക്കുറിച്ച് സംസാരിക്കാനല്ല, യുവാക്കൾക്ക് തൊഴിൽ നൽകാനും കർഷകരെ സഹായിക്കാനും രാജ്യത്ത് സ്കൂളുകളും ആശുപത്രികളും സ്ഥാപിക്കാനുമാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് രാഹുൽ ഓർമിപ്പിച്ചു. വാചകമടി നിർത്തി പ്രവർത്തിച്ചു തുടങ്ങാനും രാഹുൽ മോദിയോട് ആവശ്യപ്പെട്ടു. മോദി സർക്കാരിന് ഇനി അധികകാലം അവശേഷിക്കുന്നില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

കർണാടകയിൽനിന്നുള്ള സാമൂഹ്യ പരിഷ്കർത്താവായിരുന്ന ബാസവയ്ക്ക്, തൊഴിലായിരുന്നു ആരാധനയെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇതേ ബാസവയുടെ പേര് ആവർത്തിച്ചു പറയുന്ന മോദി, വാചകമടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സിദ്ധരാമയ്യ സർക്കാരിന്റെ പേരിൽ ഒരു അഴിമതി ആരോപണം പോലുമില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. അതിനു മുൻപുള്ള ബിജെപി സർക്കാർ അഴിമതിയുടെ എണ്ണത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ചവരാണെന്നും രാഹുൽ പരിഹസിച്ചു.

പ്രത്യേകം തയാറാക്കിയ ബസിലാണ് നാലു ദിവസത്തെ ജനാശീർവാദ യാത്ര പുരോഗമിക്കുന്നത്. ബസ് കടന്നു പോകുന്ന വഴികളിൽ രാഹുലിനെ കാണാൻ പാർട്ടി അണികളുംടെയും  പ്രദേശ വാസികളുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജനാശീർവാദ യാത്രയുടെ മൂന്നാം ദിവസമായ ഇന്ന് ദേവദുർഗയിൽ   ഗോത്രവർഗ റാലിയെ രാഹുൽ അഭിസംബോധന ചെയ്യും. വൈകുന്നേരം കലബുറഗിയിൽനടക്കുന്ന  പൊതുസമ്മേളനത്തിലും പങ്കെടുക്കും.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.