നെഹ്റു ആരെന്നറിയാം; മോദി, താങ്കള്‍ ആരെന്നും എന്തുചെയ്തെന്നും പറയൂ...

modi-nehru
SHARE

നരേന്ദ്രമോദിക്കു പകരം മറ്റാരെങ്കിലുമായിരുന്നു പ്രധാനമന്ത്രിയെങ്കില്‍,  എന്ന ചോദ്യം എന്തൊരു മണ്ടത്തരമാണ്, എത്രമാത്രം ചരിത്രനിഷേധമായിരിക്കുമത്? എത്രമേല്‍ ജനാധിപത്യവിരുദ്ധവുമാണ് ആ ചോദ്യം. അങ്ങനെയൊരു  ചോദ്യത്തിന്റെ  നിരര്‍ഥകത  മനസിലാക്കാന്‍ മാത്രമുള്ള രാഷ്ട്രീയശേഷി പക്ഷേ  നമ്മുടെ പ്രധാനമന്ത്രിക്കു തന്നെയില്ലാതെ വന്നാലോ. പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അത്തരമൊരു ചോദ്യം ചോദിച്ചു. സത്യത്തില്‍ നെഹ്റുവാരാണെന്നാണോ  നരേന്ദ്രമോദി ആരാണെന്നാണോ ഇന്ത്യയ്ക്ക് ഇനിയറിയേണ്ടത്? ഇന്നത്തെ ഇന്ത്യയെക്കുറിച്ച് എനിക്കൊന്നും പറയാനില്ലെന്നും അതുകൊണ്ട് നമുക്ക് ചരിത്രത്തിലേക്കു തിരിഞ്ഞ്  സാങ്കല്‍പികചോദ്യങ്ങള്‍ ചോദിച്ചു വികാരഭരിതരാകാമെന്നുമാണ് നമ്മുടെ ഭരണാധികാരി പറയുന്നതെന്ന് തിരിച്ചറിയണം. പ്രതിസന്ധി നേരിടുന്ന ഒരു രാജ്യത്തിനു പുറംതിരിഞ്ഞുനിന്ന്, ഭരണകൂടം ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്ന ചോദ്യങ്ങള്‍ മറക്കാതിരിക്കേണ്ടത് ജനതയുടെ കടമയാണെന്ന് നമ്മള്‍ ആവര്‍ത്തിച്ചുറപ്പിക്കണം.  

modi-oman-t

അര്‍ഥശൂന്യമായ, നിഷ്ഫലമായ ഒരു സംവാദത്തിന് തുടക്കം കുറിക്കുകയായിരുന്നു പ്രധാനമന്ത്രി. നെഹ്റുവിനു പകരം സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെങ്കില്‍ ഇന്നീ ഇന്ത്യ എവിടെയെത്തിയേനെ എന്നാണ് പ്രധാനമന്ത്രി ഉയര്‍ത്തിയ ചോദ്യം. ചരിത്രം തിരുത്താനാകുമായിരുന്നെങ്കില്‍ എന്നൊരു വിഫലമായ ചോദ്യം ഇന്ത്യക്കാര്ക്കു മുന്നിലേക്ക് ഇപ്പോള്‍ ഇട്ടുകൊടുക്കരുതായിരുന്നു ബഹുമാനപ്പെട്ട പ്രധാനമന്ത്രി. സകലമേഖലകളിലും ആശയക്കുഴപ്പത്തിലായ ഒരു ജനതയ്ക്ക് ആ ചോദ്യം തന്നെയൊരു സ്വയം പരിഹാസമായി തോന്നിയേക്കാം. 70 മിനിറ്റ് ലോക്സഭാ പ്രസംഗത്തില്‍ 11 തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ സമയം നീക്കിവച്ചത്. നാല്‍പതിലേറെ തവണ അദ്ദേഹം പരോക്ഷ സൂചനയിലൂടെ കോണ്‍ഗ്രസിനെ പരാമര്‍ശിച്ചു. കോണ്‍ഗ്രസ് ചെയ്ത പാപങ്ങളുടെ ഫലമാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്നതെന്നു പറഞ്ഞുതന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.  

പറയൊനൊന്നുമില്ല, ഈ വൈകാരികത മാത്രം

അഭിമാനത്തോടെ തലയുയര്‍ത്തി രാജ്യത്തോടു പറയേണ്ട നേരമായിരുന്നു. ഞാനും എന്റെ സര്‍ക്കാരും നിങ്ങള്‍ക്കെന്തു തന്നുവെന്നു നമ്മളെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്ന അപൂര്‍വഅവസരം. പക്ഷേ പറയാനായില്ല പ്രധാനമന്ത്രിക്ക്, പറയാനാവില്ല അദ്ദേഹത്തിനെന്നു  ഗുജറാത്തും രാജസ്ഥാനും ഓര്‍മപ്പെടുത്തിക്കഴിഞ്ഞതുമാണ്. അതുകൊണ്ട് ഇനിയുള്ള ഒരേയൊരായുധം, എന്നും മോദിയെ ഏറ്റവും സഹായിച്ച ആയുധമാണ് പാര്‍ലമെന്റില്‍ നിന്നാഞ്ഞുവീശിയിരിക്കുന്നത്. വൈകാരികത. അതിന്റെ മൂര്‍ച്ചയാണ് 2014ല്‍ സഹായിച്ചതെന്ന് പ്രധാനമന്ത്രി മോദിക്കു നന്നായറിയാം. ആ മൂര്‍ച്ചയിലാണ് ഇന്ത്യയ്ക്ക് ഇത്രയും പരുക്കേറ്റതെന്നു ജനത തിരിച്ചറിയുമോ എന്നതാണ് പ്രശ്നം.  

renuka-modi

ചരിത്രം വളച്ചൊടിച്ചേ സംസാരിക്കാനാകൂ എന്ന സംഘരാഷ്ട്രീയപരിമിതി മനസിലാക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന് ഒറ്റവര്‍ഷമെന്ന നെഞ്ചിടിപ്പും ഊഹിക്കാനാകുന്നതു മാത്രം. പക്ഷേ പറഞ്ഞതില്‍ തന്നെ പതിരെത്രയാണ്. ഇന്ത്യ എന്ന വലിയ രാജ്യത്തിന്റെ ഭരണാധികാരി, പാര്‍ലമെന്‍റിനകത്തു പ്രസംഗിക്കുമ്പോള്‍ പോലും ഇത്രമേല്‍ അസത്യങ്ങളും അര‍്ധസത്യങ്ങളും പറയുന്നതെന്തുകൊണ്ടാണ്. പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പൂര്‍ണമായി ഇന്ത്യക്കൊപ്പം നില്‍ക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നത് എവിടെ നിന്നു ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറയേണ്ടേ. കശ്മീര്‍ പോയാലും സാരമില്ല   എന്നായിരുന്നു  പട്ടേലിന്റെ  നിലപാടെന്ന് ലഭ്യമായ എല്ലാ ചരിത്രപുസ്തകങ്ങളും രേഖകളും സാക്ഷ്യപ്പെടുത്തുമ്പോള്‍.  

ആധുനിക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പിതാവെന്നു നെഹ്റുവിനെയല്ല വിശേഷിപ്പിക്കേണ്ടതെന്നു പറയുന്നു, ഇന്നത്തെ പ്രധാനമന്ത്രി. അതിന് അദ്ദേഹം ചൂണ്ടിക്കാട്ടുന്ന പോയന്റ്, ബിഹാറിലെ വൈശാലിയില്‍ ലിച്ചാവി സമൂഹത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ജനാധിപത്യരീതിയില്‍ ഭരണകൂടമുണ്ടായിരുന്നുവെന്നതാണ്. സ്വാതന്ത്ര്യസമരകാലത്ത് ഇന്ദിരാഗാന്ധിക്കയച്ച കത്തുകളില്‍ നെഹ്റു തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് അദ്ദേഹം അറിയാത്തതു തന്നെയാണെന്നു വിശ്വസിക്കാമോ..? 

ഡിലീറ്റ് ചെയ്യേണ്ടിവന്ന ‘കള്ളങ്ങള്‍’

പ്രധാനമന്ത്രി ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളില്‍ മാത്രമല്ല, സ്വന്തം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളില്‍ പോലും ഗുരുതരമായ തെറ്റുകളുണ്ട്. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ അവകാശവാദങ്ങള്‍ തെറ്റായിരുന്നുവെന്ന ആര്‍.ബി.ഐ ഡാറ്റ ചൂണ്ടിക്കാണിച്ചതോടെ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിനു പോലും ആ പ്രസംഗവീഡിയോ ഡിലീറ്റ് ചെയ്ത് മുങ്ങേണ്ടി വന്നു. ഒന്നാലോചിച്ചു നോക്കൂ, കൃത്യമായ കണക്കുകള്‍ ലഭ്യമായ കാര്യങ്ങളില്‍ പോലും പ്രധാനമന്ത്രി പറയുന്നത് സത്യമാണോയെന്നു സംശയിക്കേണ്ടി വരുന്ന ഒരു ജനതയുടെ അവസ്ഥ? 

modi

ബാങ്കുകകളുടെ കിട്ടാക്കടമാണ് യു.പി.എ ഭരണകാലം ഇന്ത്യയോട് ചെയ്ത ഏറ്റവും വലിയ ചതിയെന്നു പറഞ്ഞുവച്ചു പ്രധാനമന്ത്രി,    എന്നാല്‍ ആ പറഞ്ഞ കണക്കുകളില്‍ തന്നെയുള്ള ഗുരുതരമായ പിശകുകള്‍ വിദഗ്ധര്‍ വിശകലനം ചെയ്തു  തുറന്നു കാട്ടിക്കഴിഞ്ഞു. NDTV അവതാരകന്‍ ശ്രീനിവാസന്‍ ജെയിന്‍ ആര്‍.ബി.ഐ ഡാറ്റ ചൂണ്ടിക്കാണിച്ച് ഇക്കാര്യം ഉന്നയിച്ചതോടെയാണ് ബി.ജെ.പി. ഔദ്യോഗിക പേജ് , പ്രസ്തുത പ്രസംഗഭാഗവും ട്വീറ്റും പിന്‍വലിച്ചു രക്ഷപ്പെട്ടത്. അതും ഒരു വിശദീകരണം പോലുമില്ലാതെ.  ‌

റോഡ്, റെയില്‍ പദ്ധതികളില്‍ മോദി സര്‍ക്കാരിന്റെ അതിവേഗമെന്ന ഭരണനേട്ടവും വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് ഇന്ത്യന്‍ എക്കണോമി ഡേറ്റ മോണിറ്ററിങ് സെന്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യരണ്ടു വര്‍ഷങ്ങളിലുണ്ടായ കുതിപ്പല്ല, അവസാനരണ്ടു വര്‍ഷങ്ങളില്‍ കാണുന്നതെന്നതിന് സാക്ഷ്യം വസ്തുതകള്‍ മാത്രമാണ്. ആകെ മുന്നേറ്റത്തിനു സാക്ഷ്യമായി പ്രധാനമന്ത്രിക്ക് അവതരിപ്പിക്കാന്‍ ഏറ്റവും എളുപ്പം തൊഴിലവസരങ്ങളിലെ മുന്നേറ്റമായിരുന്നു. അതില്‍ മിണ്ടാനാകുമോ മോദി സര്‍ക്കാരിന്?  

എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് സാങ്കല്‍പികചോദ്യങ്ങളിലേക്ക് ഇന്ത്യയെ വലിച്ചിടേണ്ടി വരുന്നത്? യഥാര്‍ഥചോദ്യങ്ങളില്‍ ഇപ്പോള്‍ പൊള്ളുന്നത് പ്രധാനമന്ത്രി മോദിക്കായതുകൊണ്ടു തന്നെയാണ്. പട്ടേലായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ എന്ന ചൂണ്ടയില്‍ കുരുങ്ങാന്‍ കുറച്ചെങ്കിലും ജനതയുണ്ടാകുമെന്ന് 2014ലെ വന്‍വിജയം അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. പക്ഷേ അടുത്തത് 2019 ആണ്, അത്രയെളുപ്പമാകില്ലെന്നുറപ്പിക്കുന്ന ചൂണ്ടുപലകകള്‍ നിരന്നു നില്‍ക്കുമ്പോള്‍ മോദി ഇതല്ല, ഇതിനപ്പുറവും പറയുമെന്നുറപ്പിച്ചു സാക്ഷ്യപ്പെടുത്തും, സമീപകാലചരിത്രം. ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്താനല്ല, അതിലേറെ മറക്കാനാണ് അദ്ദേഹം നമ്മളോട്, ഇന്ത്യന്‍ ജനതയോട് ആവശ്യപ്പെടുന്നത്.  

നമ്മുടെ പ്രധാനമന്ത്രി ഒരു വലിയ ആരോപണം ഉയര്‍ത്തിയത് കേവലം മൂന്നു മാസങ്ങള്‍ക്കുള്ളിലാണ്. വിധിയെഴുതാനിരിക്കുന്ന ഗുജറാത്ത് ജനതയോട്, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒറ്റുകാരനാണെന്ന്. പാക്കിസ്ഥാനു വേണ്ടി ഗൂഢാലോചന നടത്തുന്നയാളാണെന്ന് നമ്മുടെ പ്രധാനമന്ത്രിയാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിളിച്ചുകൂവി നടന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞു. പ്രധാനമന്ത്രിയോട് ചോദിക്കൂ, എന്താണാ ആരോപണത്തിന്റെ വസ്തുതയെന്ന്. മിണ്ടിയിട്ടില്ല, പിന്നീടിതുവരെ.  ദുരാരോപണങ്ങളില്‍ ജനസാമാന്യത്തെ കുരുക്കിയിടാമെന്ന അതേ വ്യാമോഹമാണ് പാര്‍ലമെന്റിലും കഴിഞ്ഞ ദിവസം അദ്ദേഹം പുറത്തെടുത്തത്.  

നാലു വര്‍ഷം ഭരണം പൂര്‍ത്തിയാക്കുന്ന ഒരു സര്‍ക്കാരാണ് മുക്കാല്‍ നൂറ്റാണ്ടു പിന്നിലേക്കു നോക്കിയിരിക്കാന്‍ ജനതയോട് ആവശ്യപ്പെടുന്നത്. കാരണം വ്യക്തമാണ്. ഈ നാലുവര്‍ഷത്തെക്കുറിച്ച് സംസാരിക്കാന്‍ ആത്മവിശ്വാസമില്ല. ഈ നാലുവര്‍ഷം രാജ്യത്തു സംഭവിച്ചതെന്തെന്ന് ജനത ഓര്‍ക്കാനേ പാടില്ല. വിദ്വേഷമുണര്‍ത്തുന്ന ചോദ്യങ്ങളിലേ പ്രതീക്ഷയുമുള്ളൂ. ക്രിയാത്മകനേതൃത്വമെന്നത് സാധ്യമല്ലെന്ന് നാലു വര്‍ഷം കൊണ്ട് നാടിനെ പഠിപ്പിച്ച ഭരണാധികാരിയാണ്. അച്ഛാദിന്‍ എവിടേയെന്ന് ജനം ചോദിച്ചാല്‍ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു ചാടുകയല്ലാതെ അദ്ദേഹത്തിന് മറ്റു വഴിയേതുമില്ല.  

പ്രധാനമന്ത്രി മോദി, തിരുത്താനാകാത്ത ചരിത്രമാണ് അങ്ങ് വളച്ചൊടിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. തിരുത്താനാകാത്ത നടപടികളെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടാനാണ് അങ്ങ് ജനതയോടാവശ്യപ്പെടുന്നത്. ഇന്നിനെക്കുറിച്ച്, ഇനിയെന്തു ചെയ്യാനാകുമെന്നതിനെക്കുറിച്ച് ക്രിയാത്മകമായി ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് അങ്ങ് ചരിത്രം ചികഞ്ഞു വിദ്വേഷത്തില്‍ ഉല്‍ക്കണ്ഠപ്പെടാന്‍ മാത്രം ആഹ്വാനം ചെയ്യുന്നത്. ഈ ജനത ഇതിലും അല്‍പം കൂടി ഉത്തരവാദിത്തം അര്‍ഹിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ എല്ലാ പരിമിതികള്‍ക്കുമിടയിലും  ഈ രാജ്യത്തിന്റെ  ഒരു ഭരണാധികാരിയും ചരിത്രത്തിന്റെ പേരില്‍ വിദ്വേഷം ചൊരിഞ്ഞ് ഒഴിഞ്ഞുമാറിയിട്ടില്ല. ഇന്ത്യയും ഇവിടുത്തെ ജനതയും ഇതില്‍കൂടുതല്‍ ബഹുമാനവും അര്‍ഹിക്കുന്നുണ്ട് പ്രധാനമന്ത്രി. 

ഈ നാലുവര്‍ഷം ചെയ്തതെന്ത്..?

നാലു വര്‍ഷം കൊണ്ട് നരേന്ദ്രമോദി ഇന്ത്യയെ എവിടെയെത്തിച്ചുവെന്ന് നേരിട്ടൊരു ചോദ്യം ചോദിച്ചാല്‍ എന്തു പറയും നമ്മുടെ പ്രധാനമന്ത്രി. കുത്തിയൊലിച്ചു വന്ന വാഗ്ദാനപ്പെരുമഴ മറന്നേക്കാം. ഇന്ത്യ പോയത് മുന്നോട്ടോ പിന്നോട്ടോ എന്ന അടിസ്ഥാന ചോദ്യം ചോദിച്ചാലോ. റോഡുപണിയുടെ വേഗത കൂടിയെന്നു മറുപടി പറഞ്ഞാല്‍ ഇന്ത്യന്‍ ജനത വെറുതെ വിടുമോ? നോട്ട് നിരോധനം കൊണ്ട് ദുരിതക്കടലിലായ ജനവിഭാഗങ്ങളുടെ ചോദ്യത്തിനു മറുപടിയുണ്ടോ? എന്തു നേടിയെന്ന ചോദ്യത്തിന് ഇന്നു വരെ കേട്ടിട്ടുണ്ടോ യുക്തിസഹമായ ഒരു മറുപടി? ജി.എസ്.ടി അവധാനതയില്ലാതെ നടപ്പാക്കിയതിന്റെ ദുരിതങ്ങള്‍ എന്നു തീരും? ഇന്ധനവില എന്തുകൊണ്ടിങ്ങനെയെന്നു ചോദിച്ചാല്‍? സാമ്പത്തികവളര്‍ച്ചയെ ആരാണ് തകിടം മറിച്ചതെന്നു ചോദിച്ചാല്‍., തൊഴിലില്ലായ്മയുടെ കണക്ക് ഒന്നുകൂടി      ചൈനയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിലെന്തു പുരോഗതിയുണ്ടാക്കിയെന്നു ചോദിച്ചാല്‍? കശ്മീര്‍ പ്രശ്നം മുന്നോട്ടു പോയോ, കൂടുതല്‍ സങ്കീര്‍ണമായോ?  റഫാല്‍ ഇടപാടിലെ അഴിമതിയാരോപണത്തിനു മറുപടിയുണ്ടോ? നാലു കൊല്ലമേ ആയുള്ളൂവെന്നാണ് പ്രതിരോധമെങ്കില്‍, ഒറ്റച്ചോദ്യത്തിലൊതുക്കാം.  നാലു കൊല്ലം കൊണ്ട്  മതനിരപേക്ഷഇന്ത്യയോട് നിങ്ങളെന്താണ് ചെയ്തത്? മതത്തിന്റെയും  പശുവിന്റെയും പേരിലുള്ള ആള്‍ക്കൂട്ടഹത്യകളില്‍ മുറിഞ്ഞുപോയ ഭാരതത്തിന് നിങ്ങളേല്‍പിച്ച പരുക്കുകള്‍ക്ക് എന്താണ് പരിഹാരം?

ബുദ്ധിമുട്ടാണ് സര്‍, വസ്തുനിഷ്ഠമായ ചോദ്യങ്ങള്‍  കടുപ്പമാണ്.  അതിനൊന്നിനും ഇന്നുവരെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറഞ്ഞു നമ്മള്‍ കേട്ടിട്ടില്ല. കേള്‍ക്കുമെന്ന പ്രതീക്ഷയും വേണ്ടെന്നാണ് പാര്‍ലമെന്റിന്റെ അകത്തളത്തില്‍ പോലും നാടകീയമായി മാത്രം മുഴങ്ങിയ ശബ്ദം നമ്മളോടു പറഞ്ഞത്.  തോറ്റു കൊണ്ടേയിരിക്കുന്ന ഒരു ജനതയോട് വീണ്ടും വീണ്ടും തോറ്റു കൊടുക്കാനാണ് നമ്മുടെ ഭരണാധികാരി ആവശ്യപ്പെടുന്നത്.   

അതുകൊണ്ട്   ബഹുമാനപ്പെട്ട പ്രധാനമന്ത്രി നെഹ്റു ആരായിരുന്നുവെന്നതിന് ഈ രാജ്യത്തിന് അങ്ങയുടെ സാക്ഷ്യം ആവശ്യമില്ല. പക്ഷേ നരേന്ദ്രമോദി ആരായിരുന്നുവെന്ന് താങ്കള്‍ തന്നെ പറയണം, പ്രവര്‍ത്തിച്ചു തെളിയിക്കണം. ഇനിയും അതു മനസിലാക്കാനാകാതെ പ്രതീക്ഷകളില്‍ വീര്‍പ്പു മുട്ടുന്ന ആരാധകര്‍ക്കു വേണ്ടിയെങ്കി്ലും അങ്ങ് മോദി ആരായിരുന്നുവെന്നു തെളിയിക്കണം. നാടകങ്ങള്‍ അവസാനിപ്പിച്ച് ഒരു തവണയെങ്കിലും സത്യസന്ധമായി, ഇന്നത്തെ ഇന്ത്യയെക്കുറിച്ച്, ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കണം. നെഹ്റു ആരാണെന്ന് ഇന്ത്യക്കറിയാം., മോദി ആരാണെന്ന് ആരെങ്കിലുമറിയണമെങ്കില്‍ ഇനിയെങ്കിലും അങ്ങ് അത് തെളിയിക്കേണ്ടതുണ്ട്. 

MORE IN INDIA
SHOW MORE