എയര്‍ ഇന്ത്യയെ കരകയറ്റാൻ കേന്ദ്ര സർക്കാർ..? 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി‌

Air-India-aircraft-1.jpg.im
SHARE

എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ചില്ലറ വില്‍പന രംഗത്ത് വിദേശനിക്ഷേപത്തിന് കൂടുതല്‍ ഇളവുനല്‍കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. അതിനിടെ, 2018 ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായി ഉയരുമെന്നാണ് ലോക ബാങ്കിന്‍റെ കണക്കുകൂട്ടല്‍.

നഷ്ടത്തിലേക്ക് അനുദിനം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യയെ രക്ഷപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വിദേശ വിമാന കമ്പനികള്‍ക്ക് നേരിട്ടോ അല്ലാതെയോ 49 ശതമാനം നിക്ഷേപം നടത്താം. എന്നാല്‍ എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും ഇന്ത്യയ്ക്കായിരിക്കും. എന്നാല്‍, എയര്‍ ഇന്ത്യയുടെ ഒാഹരി വിറ്റഴിക്കരുതെന്ന് പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ചിരുന്നു. വിദേശനിക്ഷേപം വര്‍ധിപ്പിക്കുക, സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് വിദേശ നിക്ഷേപനയത്തില്‍ സുപ്രധാന മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിര്‍മ്മാണമേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. ഏക ബ്രാന്‍ഡ് ചില്ലറ വില്‍പനമേഖലയില്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി ഇല്ലാതെ ഇനി 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താം. നേരത്തെ സര്‍ക്കാരിന്‍റെ അനുമതി ആവശ്യമായിരുന്നു. നിലവിലെ നയപ്രകാരം 49 ശതമാനം വിദേശനിക്ഷേപമാണ് ചില്ലറവില്‍പന രംഗത്ത് അനുവദിച്ചിരുന്നത്. അതിനിടെ, സര്‍ക്കാര്‍ സമഗ്രമായ പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് ബൃഹത്തായ വളര്‍ച്ചാശേഷിയുണ്ടെന്നാണ് ലോകബാങ്കിന്‍റെ വിലയിരുത്തല്‍. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2018 ല്‍ 7.3 ശതമാനമായും 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനമായുമാണ് ലോകബാങ്ക് കണക്കാക്കിയിട്ടുള്ളത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.