ട്വിറ്ററിലെ സമീപകാല തിളക്കം നിലനിര്‍ത്താന്‍ അക്കൗണ്ടിന്റെ വിലാസം മാറ്റാനൊരുങ്ങി രാഹുല്‍ ഗാന്ധി. ഓഫീസ് ഓഫ് ആര്‍ജി എന്നത് രാഹുല്‍ ഗാന്ധി എന്ന് മാറ്റാനാണ് ആലോചന. അമിത് ഷായുടെ മകന് ജയ് ഷായ്ക്കെതിരായ അഴിമതി ആരോപണത്തില്‍ രാഹുല്‍ ട്വിറ്ററില്‍ നടത്തിയ ശക്തമായ ആക്രമണം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ട്വിറ്ററില്‍ നരേന്ദ്രമോദിയുടെ ഫോളോവേഴ്സ് 35.5 മില്യണ്‍. രാഹുല്‍ ഗാന്ധിയുടേത് 3.78 മില്യണും. കരുത്തനായ എതിരാളിയെ നേരിടാന്‍ സമൂഹമാധ്യമം ശക്തമായി ഉപയോഗിക്കാനാണ് രാഹുല്‍ ബ്രിഗേഡിന്റെ തീരുമാനം. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ശക്തമായും സരസമായും ഉടനടി ഇടപെടുന്ന പുതിയ മാറ്റം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയുടെ ചുമതലയുള്ള കന്നഡ നടി കന്നട നടിയും മുന്‍ എംപിയുമായ ദിവ്യസ്പന്ദനയുടെ കൂടി മേല്‍നോട്ട മികവാണ്.
ജയ് ഷായ്ക്കെതിരെ രാഹുല്‍ ട്വിറ്ററിലിട്ട പഞ്ച് ഡയലോഗുകള്‍ക്ക് കയ്യടിയേറെക്കിട്ടി. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള നരേന്ദ്രമോദിക്കും അരവിന്ദ് കേജ്്രിവാളിനും കിട്ടിയതിനേക്കാള്‍ റിട്വീറ്റുകള്‍ കഴിഞ്ഞ രണ്ടുമാസമായി രാഹുലിന്റെ പോസ്റ്റുകള്‍ സ്വന്തമാക്കിയെന്ന് കോണ്‍ഗ്രസ് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട നേതാവ് കൂവിയവരെക്കൊണ്ട് കയ്യടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.