ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ കമ്പനിയുടെ വരുമാനം ഒരുവര്‍ഷം കൊണ്ട് 16,000 മടങ്ങ് വര്‍ധിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മാനനഷ്ടക്കേസു നല്കാന് ജയ് ഷായ്ക്ക് നിയമോപദേശം നല്‍കിയത് പുതിയ ആരോപണങ്ങള്‍ക്ക് വഴിവെച്ചു. 100 കോടി രൂപയുടെ മാനനഷ്ടക്കേസിനുള്ള നടപടികളുമായി ജയ് ഷാ മുന്നോട്ടു പോവുകയാണ്.
അമിത് ഷായുടെ മകന് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമറ്റഡ് കമ്പനിയുടെ വരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരുവര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധിച്ചതായി ഒാണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ദ് വയര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസും സിപിഎമ്മും ആംആദ്മി പാര്‍ട്ടിയും വിഷയം ബിജെപിക്കെതിരായ ആയുധമാക്കുകയാണ്. വാര്‍ത്ത നിഷേധിച്ച ബിജെപി ജയ് ഷാ 100 കോടി രൂപയുടെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചിരുന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താസമ്മേനം നടത്തിയത് അധികാര ദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായി ദ് വയര്‍ അറിയിച്ചു. അതിനിടെ, മാനനഷ്ടക്കേസ് നല്കാന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജയ് ഷായ്ക്ക് നിയമോപദേശം നല്‍കിയതിനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ചോദ്യം ചെയ്തു. എന്നാല്‍ നിയമമന്ത്രാലയത്തില് നിന്ന് ശനിയാഴ്ച്ച് അനുമതി തേടിയശേഷമാണ് ജയ് ഷായ്ക്ക് നിയമോപദേശം നല്‍കിയതെന്ന് തുഷാര്‍ മേത്ത അറിയിച്ചു. ആവശ്യമെങ്കില്‍ കോടതിയില്‍ ഹാജരാകുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ യഥാര്‍ഥ ഗുണഭോക്താവ് അമിത് ഷാ യുടെ മകനാണെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.