തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് പാര്‍ട്ടിവിട്ടു. ദുര്ഗാപൂജയ്ക്കുശേഷം ഔദ്യോഗികമായി രാജിക്കത്ത് കൈമാറുമെന്ന് റോയ് പ്രഖ്യാപിച്ചു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കും. മുന്‍ റെയില്‍വേമന്ത്രിയും മമത ബാനര്‍ജിയുടെ വലംകയ്യുമായിരുന്ന മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായാണ് അറിയപ്പെട്ടിരുന്നത്.
പാര്‍ട്ടി ഉപാധ്യക്ഷപദവിയില്‍ നിന്ന് നീക്കിയതിനെത്തുടര്‍ന്ന് മമതയുമായി അകല്‍ച്ചയിലായ റോയിയെ ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തിയതിന്റെ പേരില്‍ നേതൃത്വം ശാസിച്ചിരുന്നു. തൃണമൂല്‍ മുഖപത്രത്തിന്റെ ദുര്‍ഗാപൂജ സപ്ലിമെന്റിന്റെ പ്രകാശനച്ചടങ്ങ് ബഹിഷ്കരിച്ച് റോയ് അതൃപ്തി പരസ്യമാക്കി. ബിജെപി കേന്ദ്രനേതാക്കളുമായി റോയ് ചര്‍ച്ച നടത്തിയെന്ന് സംസ്ഥാനപ്രസിഡന്റ് ദിലീപ് ഘോഷ് വെളിപ്പെടുത്തുകയും ചെയ്തതോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ റോയ് പൂര്‍ണമായി ഒറ്റപ്പെട്ടു.
നടപടിക്കുള്ള സാധ്യത കൂടി തെളിഞ്ഞ സാഹചര്യത്തിലാണ് പാര്‍ട്ടിവിടാന്‍ അദ്ദേഹം തീരുമാനിച്ചത്. മുകുള്‍ റോയ് പാര്‍ട്ടിയിലെത്തിയാല്‍ ബംഗാളില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് വന്‍ നേട്ടമാകും. റോയ് ത്രിപുരയുടെ ചുമതലവഹിച്ചിരുന്ന സമയത്താണ് അവിടത്തെ തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നത്.