നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന ബൊമ്മക്കൊലു ചെന്നൈയിലെ വഴിയോര വിപണികളില്‍ കൗതുക കാഴ്ചയാണ്. ചെറുതും വലുതുമായ ആയിരക്കണക്കിന് വ്യത്യസ്ത ബൊമ്മകളുണ്ടിവിടെ. സ്കൂളുകളിലും വീടുകളിലുമടക്കം ബൊമ്മകള്‍ നിരത്തി അണിയിച്ചൊരുക്കും.
നവരാത്രി ആഘോഷങ്ങളിലെ വര്‍ണക്കാഴ്ചയാണ് ബൊമ്മക്കൊലു വെക്കല്‍. ദൈവങ്ങളും പുരാണങ്ങളിലെ കഥാപാത്രങ്ങളും ക്ഷേത്രങ്ങളും കാടും പുഴയും മലയും അങ്ങനെ സര്‍വതിന്റെയും രൂപങ്ങളുണ്ടാകും.
ഗാന്ധിജിയും, മദര്‍ തെരേസയും, അബ്ദുള്‍ കലാമും, സ്വാമിവിവേകാന്ദനും ഒക്കെയുണ്ട്. ഇത്തവണ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും ബൊമ്മക്കൊലുകള്ക്കിടയില് സ്ഥാനം പിടിച്ചിരുന്നു.
പല കഥകളെ അടിസ്ഥാനമാക്കിയാണ് ബൊമ്മക്കൊലു അണിയിച്ചൊരുക്കുക. ഓരോ വര്‍ഷവും പുതിയ പുതിയ ബൊമ്മകള്‍ വിപണിയിലെത്തും. തമിഴ്നാടിന് പുറത്തും, നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലുകള്‍ കഥപറയാറുണ്ട്..