രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള സൗഭാഗ്യ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വൈദ്യുതി വില ഏകീകരിക്കുമെന്നും ഒറ്റ ഗ്രിഡ് വഴിയാക്കുകയുമാണ് ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനമാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി.
2019 മാര്‍ച്ച് 31 ന് മുന്‍പ് എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സഹജ് ബിജ്്ലി ഹര് ഘര്‍ യോജന അഥവാ സൗഭാഗ്യ. പദ്ധതിയുടെ നടത്തിപ്പിനായി 16,320 കോടി രൂപയാണ് കേന്ദ്രം കണക്കാക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലെ വൈദ്യുതീകരണത്തിനായി 14,025 കോടി രൂപയും നഗരങ്ങള്‍ക്കായി 2,295 കോടി രൂപയും ചെലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്ര വിഹിതവും 10 ശതമാനം സംസ്ഥാനങ്ങളുമാണ് നല്‍കേണ്ടത്. ബാക്കി തുക വായ്പയായി കണ്ടെത്താനാണ് ശ്രമം.
എന്നാല്‍, പ്രത്യേകം പരിഗണനയുള്ള സംസ്ഥാനങ്ങള്‍ക്ക് 85 ശതമാനം തുക കേന്ദ്ര സഹായം ലഭ്യമാക്കും. ദാരിദ്ര രേഖയ്ക്ക് താഴേയുള്ളവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 500 രൂപയ്ക്കും വൈദ്യുതി കണക്ഷന് ലഭ്യമാക്കും. 12,320 കോടി രൂപയാണ് പദ്ധതിക്കായി ബജറ്റില്‍ മാറ്റിവെയ്ക്കുക. രാജ്യത്ത് നാല് കോടി കുടുംബങ്ങള്‍ക്ക് ഇനിയും വൈദ്യുതി ലഭിക്കാനുണ്ടെന്ന് മോദി പറഞ്ഞു. ദീന്‍ദയാല്‍ ഊര്‍ജഭവന്‍ പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്തു.