തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക ഇടവേള നല്‍കിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. പതിനെട്ട് എം.എല്‍.എമാര്‍ അയോഗ്യരായി തുടരുമെങ്കിലും വിശ്വാസവോട്ടെടുപ്പ് ഉടനുണ്ടാകില്ല. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണപ്രതിസന്ധി വികസന പ്രവര്‍ത്തനങ്ങളെയടക്കം ബാധിക്കുന്നുണ്ട്. അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ചെന്നൈയില്‍ നടന് കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഇരുപത്തിരണ്ടിനാണ് ജയലളിത ആശുപത്രിയിലാകുന്നത്. അന്നു തുടങ്ങിയതാണ് തമിഴ്നാട്ടിലെ ഭരണപ്രതിസന്ധി. ജയലളിതയുടെ മരണ ശേഷം അത് രൂക്ഷമായി. പിന്നീട് ഭരണപക്ഷമായ എ.ഐ.എ.ഡി.എം.കെ പിളരുകയും ലയിക്കുകയുമൊക്കെ ചെയ്തപ്പോള്‍ തമിഴ്നാട് രാഷ്ട്രീയം അതി സങ്കീര്‍ണമാകുകയായിരുന്നു.
എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലടക്കം ഒക്ടോബര്‍ നാലിന് കേസില്‍ അന്തിമ വാദം കേട്ട് വിധിപറയുന്നതുവരെ ശാന്തമായിരിക്കുമെങ്കിലും രാഷ്ട്രീയ ചരടുവലികള്‍ നടക്കും. അതേസമയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനംപോലും സ്തംഭിച്ചതിലൂടെ ഫണ്ട് വിനിയോഗമടക്കം നിലച്ചിരിക്കുകയാണ്. ഭരണ-രാഷ്ട്രീയ പ്രതിസന്ധി സംസ്ഥാനത്ത് സര്‍വ മേഖലകളെയും ബാധിച്ചിട്ടുണ്ട്.
സര്‍ക്കാരിനെതിരെ ജനവികാരം രൂക്ഷമാകുമ്പൊഴും പ്രതിപക്ഷം ക്രിയാത്മകമാകുന്നില്ല എന്ന വിമര്‍ശനം എം.കെ.സ്റ്റാലിന് നേരിടുന്നുണ്ട്. രാഷ്ട്രീയത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ നടന് കമല്‍ഹാസനുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തും.