സിപിഎമ്മിന്റെ രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ബംഗാള്‍ ഘടകം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. കേന്ദ്രകമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും.പ്രകാശ് കാരാട്ടും മുഹമ്മദ് സലിമും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഋതബ്രത പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ആഢംബര ജീവിതം നയിച്ചതിനും മോശം പെരുമാറ്റത്തിനും പാര്‍ട്ടിയില്‍ നിന്ന് മൂന്നുമാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വീണ്ടും രാജ്യസഭയിലെത്തുന്നത് തടയാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പിബി അംഗങ്ങളായ പ്രകാശ് കരാട്ടും ഭാര്യ ബൃന്ദാ കാരാട്ടുമാണെന്ന് ഋതബ്രത ഒരു ബംഗാളി ചാനലിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിലെ ഭൂരിഭാഗം പേര്‍ക്കും ബംഗാള്‍ വിരുദ്ധമനോഭാവമാണുള്ളത്. മുഹമ്മദ് സലിം മുസ്്ലിം ക്വാട്ടയിലാണ് പൊളിറ്റ് ബ്യൂറോയിലെത്തിയത്. നേതാക്കളുടെ അസൂയയുടെ ഇരയാണ് താന്‍. മുഹമ്മദ് സലിമും മകനും തനിക്കെതിരെ അപവാദപ്രചാരണം നടത്തുകയാണ്. എങ്ങിനെ പോകുന്നു ഋതബ്രതയുടെ വിമര്‍ശനങ്ങള്‍.
മുഹമ്മദ് സലിം അധ്യക്ഷനായ അച്ചടക്ക സമിതിയാണ് ഋതബ്രത ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യാന്‍ നേരത്തെ ശുപാര്‍ശ ചെയ്തത്. തന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ചില നേതാക്കള്‍ ചോര്‍ത്തിയെന്നാരോപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കും സീതാറാം യച്ചൂരിക്കും ഋതബ്രത പരാതി നല്‍കിയിരുന്നു. അരുണ്‍ ജയ്റ്റ്ലിയുടെ നിര്‍ദേശപ്രകാരമാണ് ഋതബ്രത പ്രവര്‍ത്തിക്കുന്നതെന്നും ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളാണെന്നും ഒരുവിഭാഗം നേതാക്കള്‍ ആരോപിച്ചിരുന്നു.