തമിഴ്നാട്ടില്‍ നീറ്റിനെതിരായ പ്രതിഷേധങ്ങള്‍ക്ക് അയവില്ല. സമരങ്ങള്‍ ജനജീവിതത്തെ ബാധിക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് ശേഷവും സമരങ്ങള്‍ ശക്തമായി തന്നെ തുടരുകയാണ്. ജില്ല ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിപക്ഷവും സമരം തുടങ്ങും. നീറ്റിനെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന ഘടകം തിരുച്ചിറപ്പള്ളിയില്‍ പൊതുയോഗം നടത്തി.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ചെന്നൈ നുങ്കമ്പാക്കം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ പുസ്തകങ്ങളുമായാണ് തെരുവിലിറങ്ങിയത്. തിരക്കേറിയ നുങ്കമ്പാക്കം റോഡ് ഉപരോധിച്ചായിരുന്നു സമരം. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച കുട്ടികളെ പൊലീസ് പാടുപെട്ടാണ് അരികിലേക്ക് നീക്കിയത്. മൂന്ന് മണിക്കൂറിലധികം പ്രതിഷേധിച്ച കുട്ടികള്‍ പങ്കുവച്ചത് മുന്നിലുള്ള ആശങ്കകളാണ്.
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് അനിത ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് നീറ്റിനെതിരായ പ്രതിഷേധം ശക്തമായത്,. ബുധനാഴ്ച്ച ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം നടത്തും. എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തിരുച്ചിറപ്പള്ളിയില്‍ നടന്ന പ്രതിഷേധ സമ്മേളനത്തിന് വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്.