തമിഴ്നാട്ടില്‍ നീറ്റിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്. ജില്ലാ ആസ്ഥാനങ്ങളില്‍ ബുധനാഴ്ച പ്രതിഷേധ യോഗങ്ങള്‍ നടത്തും.
നീറ്റ് പരീക്ഷയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ജനജീവിതത്തെ ബാധിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ തിരുച്ചിറപ്പള്ളിയിലെ പ്രതിപക്ഷ പ്രതിഷേധ യോഗത്തിനുള്ള അനുമതി പൊലീസ് റദ്ദാക്കി. എന്നാല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന് തീരുമാനിക്കുകയായിരുന്നു. നിയവിദഗ്ദരുമായി ചര്‍ച്ച ചെയ്ത ശേഷം സ്റ്റാലിനും മറ്റ് നേതാക്കളും വേദിയിലെത്തി. സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷയുടെ കാര്യത്തില്‍ തമിഴ്നാടിന് ഒരു വര്‍ഷത്തെ ഇളവ് തരാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ സമരങ്ങള്‍ നടക്കുകയാണ്. പ്രതിഷേധങ്ങള്‍ പല സ്ഥലങ്ങളിലും അക്രമാസക്തമാകുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.