നീറ്റ് പരീക്ഷയ്ക്കെതിരായ സമരം തമിഴ്നാട്ടില്‍ ശക്തമാകുന്നു. ചെന്നൈയിലടക്കം വിവിധ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ഏറ്റെടുക്കും.
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തില്‍ മനംനൊന്ത് പ്ലസ് ടു വിദ്യാര്‍ഥിനി അനിത ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് സമരത്തിന് വ്യാപ്തി കൂടിയത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി. റെയില്‍വെ സ്റ്റേഷനുകളും മെഡിക്കല്‍ കോളജുകളടക്കമുള്ള ക്യാംപസുകളും പ്രതിഷേധവേദിയായി. വിദ്യാര്‍ഥികളെ അറസ്റ്റ്ചെയ്ത് നീക്കിയാണ് പൊലീസ് സമരത്തെ നേരിടുന്നത്. തിരുച്ചിറപ്പള്ളിയിലും കോയമ്പത്തൂരിലും സേലത്തും ചെന്നൈയിലുമടക്കം നിരവധി സ്ഥലങ്ങളില്‍ സംഘടനകളുടെ നേതൃത്വത്തിലും സംഘം ചേര്‍ന്നും സമരങ്ങള്‍ നടക്കുകയാണ്.
പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന് നേരിട്ട് സമരത്തിനിറങ്ങും. ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആദ്യ പ്രതിഷേധ യോഗം വെള്ളിയാഴ്ച്ച തിരുച്ചിറപ്പള്ളിയില്‍ നടക്കും. ടി.ടി.വി ദിനകരന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ചെന്നൈയില്‍ പ്രതിഷേധ മാര്‍ച്ചും നടക്കും. അതേ സമയം അനിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്.മണി സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.