ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമെങ്ങും പ്രതിഷേധം. കര്‍ണാടകയിലും തമിഴ്നാട്ടിലും കേരളത്തിലും മാധ്യമ, സാമൂഹിക, രാഷ്ട്രീയപ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കൊലപാതകത്തിനുപിന്നിലെ ഗൂഢാലോചന പൂര്‍ണമായി പുറത്തുകൊണ്ടുവരണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകയായും സാമൂഹ്യപ്രവര്‍ത്തകയായും തിളങ്ങിനിന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം പൊതുസമൂഹത്തെ നടുക്കി. രോഷവും പ്രതിഷേധവും ആശങ്കയും പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ദലിത് സംഘടനകളും തെരുവിലിറങ്ങി. തിരുവനന്തപുരത്ത് കേരള പത്രപ്രവര്‍ത്തകയൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബെംഗളുരുവും മംഗളുരുവും ഉള്‍പ്പെടെ കര്‍ണാടകയിലെ മിക്ക നഗരങ്ങളിലും വിവിധസംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മകളും സംഘടിപ്പിച്ചു. കൊലപാതകത്തെ എഡിറ്റേഴ്സ് ഗില്‍ഡ് ശക്തമായി അപലപിച്ചു. പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളൊന്നടങ്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയും ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം ശരിയായദിശയില്‍ പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരത്തെത്തിയ കര്‍ണാടക ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു.