പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം കര്‍ണാടക സര്‍ക്കാര്‍ തള്ളി. ഐ ജി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക്കയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാന ബഹുമതികളോടെ ഗൗരി ലങ്കേഷിന്റെ മൃതദേഹം ബെംഗളൂരുവില്‍ സംസ്കരിച്ചു.
ഭരണകൂട ഭീകരതയ്ക്കും രാഷ്ട്രീയ- ജാതീയ അനാചാരങ്ങള്‍ക്കുമെതിരെ പ്രതികരിച്ചിരുന്ന ശബ്ദം ഇനിയില്ല. ആയിരങ്ങളെ സാക്ഷിയാക്കി ചാമരാജ്പേട്ടിലെ പൊതുശ്മശാനത്തില്‍ സംസ്ഥാന ബഹുമതികളോടെ ധീരമാധ്യമപ്രവര്ത്തകയ്ക്ക് കര്‍ണാടകയുടെ യാത്രാമൊഴി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് പൊതുദര്‍ശനം.
മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ രാമലിംഗ റെഡി, കെ ജെ ജോര്‍ജ് എന്നിവരും അന്തിമോപചാരം അര്‍പ്പിച്ചു. മതാചാരങ്ങള്‍ പിന്തുടരാതെയായിരുന്നു സംസ്കാരം. ഗൗരി ലങ്കേഷിന്റെ ആഗ്രഹപ്രകാരം ഇരുകണ്ണുകളും ദാനം ചെയ്തു. കര്‍ണാടകയിലെങ്ങും കൊലപാതകത്തിനെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. അതേസമയം ഐ. ജി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷ സംഘം കൊലപാതകം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ബസവനഗുഡിയിലെ ഓഫിസില്‍ നിന്ന് ഇറങ്ങുന്നതുമുതലുള്ള സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലും വാതിലിലുമുള്ള സി സി ടി വിയില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഹെല്‍മറ്റ് ധരിച്ച ഒരാളുടെ ദൃശ്യങ്ങളാണുള്ളത്. കഴിഞ്ഞ ആഴ്ചയും ഒരു ബൈക്ക് ഗൗരി ലങ്കേഷിന് പിന്തുടര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.