മുംബൈ ഭേണ്ടി ബസാറിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 32ആയി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന കൂടുതൽ മൃതദേഹങ്ങൾ, രാത്രിവൈകിയും തുടർന്ന രക്ഷാപ്രവർത്തനത്തിൽ കണ്ടെത്തുകയായിരുന്നു. ഇനിയും ആളുകൾ അകപ്പെട്ടിരിക്കാൻ സാധ്യത ഉള്ളതിനാൽ തിരച്ചിൽ ഇന്നുകൂടി തുടരും. അപകടത്തിൽപെട്ട 47പേരെ ഇതുവരെ രക്ഷപെടുത്തി.15പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇവരെ അടുത്തുള്ള ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് ക്രഫോർഡ് മാർകറ്റിനു സമീപമുള്ള ഭേണ്ടിബസാറിൽ 120വർഷം പഴക്കമുള്ള 5നിലകെട്ടിടം തകർന്നു വീണത്. ദുരന്ത നിവാരണ സേനയും, 12യൂണിറ്റ് ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തുന്നത്. കെട്ടിടം സുരക്ഷിതമല്ലെന്ന് ആറുവർഷം മുൻപേ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നതാണ്.