E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:53 AM IST

Facebook
Twitter
Google Plus
Youtube

More in India

രാഷ്ട്രീയത്തണലിലെ ഭക്തിക്കച്ചവടം; ദുരൂഹതയൊഴിയാതെ ഹണിപ്രീത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തരേന്ത്യൻ മണ്ണിൽ ആഴത്തിൽ വേരൂന്നി ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ് കൈവരിച്ച വളർച്ചയിൽ രാഷ്ട്രീയകക്ഷികൾ നൽകിയ സംഭാവന ചെറുതല്ല. ഗുർമീതിനെ ഇപ്പോൾ പഴിക്കുന്ന കക്ഷികൾ പിന്നോട്ടൊന്നു നോക്കിയാൽ കാണാം, രാഷ്ട്രീയലാഭത്തിനായി ആൾദൈവങ്ങൾക്കു സ്തുതി പാടിയ അവരുടെ നേതാക്കളെ.

രണ്ടു മാനഭംഗ കേസുകളിൽ ഗുർമീതിന്റെ പേര് പ്രതിസ്ഥാനത്തു വന്നപ്പോഴും കക്ഷിഭേദമെന്യെ രാഷ്ട്രീയക്കാർ അദ്ദേഹത്തിന്റെ ‘അനുഗ്രഹം’ തേടി ആശ്രമത്തിൽ കയറിയിറങ്ങി. ഹരിയാനയിലെ ഒരു മന്ത്രി രണ്ടാഴ്ച മുൻപു വരെ സിർസയിലെ ആശ്രമത്തിലെത്തി.

കൂമ്പാരമായി സംഭാവനകൾ

പുറത്തുവന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ഹരിയാനയിലെ ബിജെപി നേതാക്കൾ ഗുർമീതിനെ നേരിൽ കണ്ടു സംഭാവന നൽകിയത് ഒരു കോടിയിലേറെ രൂപയാണ്. 2014ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വോട്ട് ചെയ്യാൻ അനുയായികളോടു പരസ്യമായി ആഹ്വാനം ചെയ്തതിനുള്ള ഉപകാരസ്മരണ. 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും ഗുർമീതിന്റെ പിന്തുണ ബിജെപിക്കായിരുന്നു.

ആശ്രമത്തിലെ കായികമേഖലയുടെ വികസന പ്രവർത്തനങ്ങൾക്കായി ഹരിയാനയിലെ മുതിർന്ന മന്ത്രിമാരായ അനിൽ വിജ്, റാം ബിലാസ് ശർമ എന്നിവർ യഥാക്രമം 50 ലക്ഷവും 51 ലക്ഷവും ഗുർമീതിനു സംഭാവന നൽകി. കായിക വികസനത്തിനെന്ന പേരിൽ സർക്കാർ ഫണ്ടിൽ നിന്നുള്ള തുകയാണ് ഇങ്ങനെ നൽകിയത്. സാധിക്കുമായിരുന്നെങ്കിൽ കൂടുതൽ തുക തന്റെ മന്ത്രാലയത്തിൽ നിന്ന് അനുവദിക്കുമായിരുന്നു എന്നായിരുന്നു തുക കൈമാറിയ ശേഷം അനിൽ വിജിന്റെ പ്രതികരണം.

ഗുർമീതിനെതിരായ കേസ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കെ, കഴിഞ്ഞ 15ന് അദ്ദേഹത്തിന്റെ അൻപതാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി ആശ്രമത്തിലെത്തിയ അതിഥികളുടെ കൂട്ടത്തിൽ മന്ത്രി ശർമയുണ്ടായിരുന്നു. റോത്തക്ക് എംഎൽഎയും ഹരിയാന മന്ത്രിയുമായ മനീഷ് ഗ്രോവർ സംഭാവന നൽകിയത് 11 ലക്ഷം.

പിടി കേന്ദ്രത്തിലും

ഹരിയാനയിൽ മാത്രമല്ല കേന്ദ്രത്തിലുമുണ്ട് ഗുർമീതിനു പിടി. ആശ്രമത്തിലെ കായികവികസന പ്രവർത്തനങ്ങൾക്കു ഹരിയാന സർക്കാർ ലക്ഷങ്ങൾ സംഭാവന ചെയ്തതിനു പിന്നാലെ അതിനു പിന്തുണയുമായി കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ എത്തി. ആശ്രമത്തിൽ നടന്ന ചടങ്ങിൽ ഏതാനും നാൾ മുൻപു പങ്കെടുത്ത ഗോയൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ: ‘ആശ്രമത്തിലെ കായിക മേഖലയുടെ വികസനത്തിനായി ഹരിയാന സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ചറിഞ്ഞു. പിന്തുണ നൽകാൻ കേന്ദ്ര സർക്കാരിനും താൽപര്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിന് അനുസൃതമായിട്ടാണ് ഇവിടത്തെ കായിക വികസന പ്രവർത്തനങ്ങൾ മുന്നേറുന്നത്’.

ശുചിത്വ ഭാരത യജ്ഞത്തിൽ പങ്കെടുത്തതിനു ഗുർമീതിനെ പ്രശംസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു. ശുചിത്വ ഭാരത യജ്ഞത്തിന്റെ ഭാഗമായി ഗുർമീതിനൊപ്പം ചൂലെടുത്ത് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഇറങ്ങി.

ഗുർമീതിന്റെ രാഷ്ട്രീയക്കളി

ഗുർമീതിന്റെ പിന്തുണ സ്വീകരിക്കുന്നതിൽ കോൺഗ്രസും പിന്നിലല്ല. പഞ്ചാബിലെ മുൻ കോൺഗ്രസ് എംഎൽഎയും മുതിർന്ന നേതാവുമായ ഹർമിന്ദർ സിങ് ജസ്സിയുടെ മകളെയാണു ഗുർമീതിന്റെ മകൻ ജസ്മീത് സിങ് വിവാഹം െചയ്തിരിക്കുന്നത്. രാഷ്ട്രീയ കക്ഷികളിൽ നിന്നു സമദൂരം പാലിച്ചിരുന്ന ഗുർമീത് 2007ൽ ആശ്രമത്തിന്റെ രാഷ്ട്രീയ വിഭാഗത്തിനു രൂപം നൽകിയാണു രാഷ്ട്രീയ ചതുരംഗക്കളിക്കിറങ്ങിയത്.

ഓരോ തിരഞ്ഞെടുപ്പിലും ഏതു കക്ഷിക്കു വോട്ടു ചെയ്യണമെന്നു തീരുമാനിക്കുകയായിരുന്നു രാഷ്ട്രീയ വിഭാഗത്തിന്റെ പ്രഥമ ലക്ഷ്യം. 2007ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുർമീതിന്റെ പിന്തുണ കോൺഗ്രസിനായിരുന്നു. പക്ഷേ, ആ കണക്കുകൂട്ടൽ തെറ്റി. സംസ്ഥാനത്ത് അകാലിദൾ – ബിജെപി സഖ്യം ഭരണത്തിലേറി.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണു രാഷ്ട്രീയത്തിൽ ഗുർമീതിന്റെ രാജയോഗം തെളിഞ്ഞത്. പാർട്ടി കേന്ദ്രത്തിൽ അധികാരത്തിലേറിയതോടെ, സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഗുർമീതിന്റെ അടുപ്പക്കാരായി.

ദുരൂഹതയൊഴിയാതെ ഹണിപ്രീത്

ദുരൂഹതയിൽ മുങ്ങിയതാണു ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീത് ഇൻസാന്റെ (പ്രിയങ്ക തനേജ– 42) ജീവിതം. ഗുർമീതും ഹണിപ്രീതും തമ്മിൽ അച്ഛൻ – മകൾ ബന്ധമല്ല, മറിച്ച് അവിഹിത ബന്ധമായിരുന്നുവെന്ന മുൻ ഭർത്താവ് വിശ്വാസ് ഗുപ്തയുടെ വെളിപ്പെടുത്തലാണ് ആൾദൈവത്തിന്റെ അനുയായികൾക്കിടയിലെ ചൂടേറിയ ചർച്ചാവിഷയം. ഗുർമീതിന്റെ അനുയായി ആയ വിശ്വാസുമായുള്ള ബന്ധം 2011ലാണു ഹണിപ്രീത് വേർപെടുത്തിയത്. തുടർന്നാണു ഹണിപ്രീതിനെ വളർത്തുമകളായി ഗുർമീത് സ്വീകരിച്ചത്.

ആശ്രമത്തിൽ ഗുർമീതിന്റെ സ്വകാര്യ വസതിയായ ഗുഹയിൽ ഇരുവരും അടുത്തിടപഴകുന്നതിനു താൻ സാക്ഷിയാണെന്നായിരുന്നു വിശ്വാസിന്റെ വെളിപ്പെടുത്തൽ. യാത്രകൾക്കു പോകുമ്പോൾ തന്നെ മറ്റൊരു മുറിയിലാക്കി ഇരുവരും ഒന്നിച്ചാണു താമസിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു. ഹണിപ്രീതുമായുള്ള ബന്ധം വേർപെടുത്തിയതിനു ശേഷം ഗുർമീത് അനുയായികളിൽ നിന്നു വധഭീഷണി നേരിടുന്ന വിശ്വാസ് ഒളിവിലാണ്.

പല വേഷങ്ങളിൽ ഇച്ഛധാരി ബാബ

ഗുർമീത് അറസ്റ്റിലായതിനു പിന്നാലെ മറ്റൊരു വ്യാജ സിദ്ധൻ ഡൽഹിയിൽ പിടിയിലായി. പല കാലങ്ങളിൽ പല വേഷങ്ങളിൽ ‘അവതരിച്ചിട്ടുള്ള’ ഇച്ഛധാരി ബാബ ആണ് അറസ്റ്റിലായത്. ഇയാളുടെ യഥാർഥ പേര് ശിവ് മൂർത്തി ദ്വിവേദി. വയസ്സ് 46. ഡൽഹിയിലെ നെഹ്റു പ്ലേസിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനായിട്ടായിരുന്നു ദ്വിവേദിയുടെ ആദ്യ അവതാരം. വർഷങ്ങൾക്കു ശേഷം ഇച്ഛധാരി ബാബ എന്ന പേരിൽ ആൾദൈവമായി രണ്ടാം അവതാരം. ആശ്രമത്തിന്റെ മറവിൽ ദ്വിവേദി നടത്തിയതു കോടികൾ മറിയുന്ന സെക്സ് റാക്കറ്റ്. 2010ൽ പൊലീസ് വലയിലായതിനു പിന്നാലെ ദ്വിവേദിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു.

എയർ ഹോസ്റ്റസുമാർ മുതൽ ഡൽഹിയിലെ കോളജ് വിദ്യാർഥികൾ വരെ തന്റെ റാക്കറ്റിൽ അംഗങ്ങളാണെന്ന് ഇയാൾ വെ‌ളിപ്പെടുത്തി. തിഹാർ ജയിലിൽ വർഷങ്ങൾ കഴിഞ്ഞ ഇയാൾ ഈയിടെ ജാമ്യത്തിലിറങ്ങി. ഇന്ത്യൻ റെയിൽവേ കേറ്ററിങ് വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണു ദ്വിവേദി കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഓരോ അവതാരങ്ങൾ!

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അസാറാം ബാപ്പു, മകൻ നാരായൺ സായ്, വേശ്യാലയം നടത്തിയ സ്വാമി സദാചാരി, കൊലപാതകക്കേസിലുൾപ്പെട്ട സ്വാമി റാംപാൽ എന്നിങ്ങനെ നീളുന്നു ആൾദൈവങ്ങൾക്കിടയിലെ ക്രിമിനൽ നിര. ഒരാൾ പിടിയിലാകുമ്പോൾ മറ്റൊരാൾ അവതാരമെടുക്കുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട്, രാഷ്ട്രീയക്കാരെ പോക്കറ്റിലാക്കി അവർ സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു. ലൈംഗിക പീഡനം മുതൽ ബോംബ് നിർമാണം വരെ നടക്കുന്നു, ആശ്രമങ്ങളുടെ മറവിൽ.

നാളെ: വ്യാജ സിദ്ധൻമാരുടെ ക്രിമിനൽ ലോകം