കുഞ്ഞുങ്ങളുടെ കൂട്ടമരണത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഗോരഖ്പൂരിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബി.ആര്.ഡി മെഡിക്കല്‍ കോളജിലെ സന്ദര്‍ശനം റദ്ദാക്കി. അണുബാധയ്ക്ക് വിധേയരായി ചികില്‍സയില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. ഗോരഖ്പൂരിനെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റരുതെന്നായിരുന്നു രാഹുലിന്റെ സന്ദര്‍ശനത്തോടുള്ള ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ പരിഹാസം
പുറത്തുനിന്നുള്ളവര്‍ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ വാര്‍ഡിലും കയറുന്നത് അണുബാധയ്ക്ക് കാരണമാകുമെന്ന വിദഗ്ദരുടെ നിര്‍ദേശത്തെതുടര്‍ന്നാണ് അവസാനനിമിഷം രാഹുല്‍ തീരുമാനം മാറ്റിയത്. എന്നാല്‍ ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ ബന്ധുക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. പ്രത്യേക സുരക്ഷയോ ഡോക്ടര്‍മാരുടെ സേവനമോ കൂടെ വേണ്ടെന്ന് രാഹുല്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. വിവിഐപികളുടെ സേവനത്തില്ല ഡോക്ടര്‍മാരെ നിയോഗിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാനപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാനസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പ്രതിഷേധസമരപരിപാടികള്ക്കും രാഹുല്‍ തുടക്കം കുറിക്കും.
അതിനിടെ രാഹുലിന്റെ സന്ദര്‍ശനത്തെ രൂക്ഷമായി പരിഹസിച്ചായിരുന്നു യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ പ്രതികരണം. ഡല്‍ഹിയിലെ യുവരാജാവിന് ശുചിത്വത്തിന്റെ മഹത്വത്തെകുറിച്ച് ഒന്നും അറിയില്ലെന്നും യോഗി പറഞ്ഞു. ആരോഗ്യ യു.പി ശുചിത്വ യു.പി എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ശുചിത്വ ബോധവല്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.