ഭരണഘടന തിരുത്തിയെഴുതാനാണ് ആര്.എസ്.എസ് നീക്കമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണം ലഭിക്കുന്നതുവരെ ദേശീയപതാകയെ അംഗീകരിക്കാത്തവരാണ് ആര്.എസ്.എസെന്നും രാഹുല്‍ പരിഹസിച്ചു. ഡല്‍ഹിയില്‍ ജെ.ഡി.യു വിമതനേതാവ് ശരദ് യാദവ് വിളിച്ചുചേര്‍ച്ച യോഗം പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവേദിയായി.
ജുഡീഷ്യറി, ഉദ്യോഗസ്ഥവൃന്ദം, മാധ്യമങ്ങള്‍ എന്നിവിടങ്ങളില്‍ സ്വന്തക്കാരെ തിരുകികയറ്റാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സ്വച്ഛ് ഭാരതിനെക്കുറിച്ച പറയുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് സത്യഭാരതം ആണ്. മോദി എവിടെയെല്ലാം പോകുന്നുണ്ടോ അവിടെയെല്ലാം കള്ളം പറയുകയാണ്.
ചിന്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് നരേന്ദ്രമോദിയുടെ തന്ത്രമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിതീഷ് കുമാറുമായി ഇടഞ്ഞുനില്‍ക്കുന്ന ശരദ് യാദവ് വിളിച്ചു ചേര്‍ത്ത യോഗം പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിനുള്ള വേദിയായി. കോണ്‍ഗ്രസ്, ഇടതുപക്ഷപാര്‍ട്ടികള്‍, സമാജ്്വാദി പാര്‍ട്ടി, ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍, സാംസ്കാരിക വൈവിധ്യം സംരക്ഷിക്കുകയെന്ന പരിപാടിയില്‍ പങ്കെടുത്തു. അതേസമയം, പരിപാടിക്കെതിരെ ബി.ജെ.പി രംഗത്തെത്തി. കേരളത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരെ കൊല്ലുന്ന സി.പി.എംന്റെ നടപടിയെക്കുറിച്ച് പരിപാടി നടത്തുന്നവരുടെ നിലപാടെന്തെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.