ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താനുള്ള ശ്രമം നടന്നതായി ലോക്സഭയില്‍ കോണ്‍ഗ്രസ് ആരോപണം. എസ്.പിജിയുടെ സുരക്ഷാനിര്‍ദേശങ്ങള്‍ രാഹുല്‍ മാനിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ് സഭയില്‍ മറുപടി നല്കി. രാഹുല്‍ ഗാന്ധിക്കുനേരെയുണ്ടായ ആക്രമണശ്രമം ലോക്സഭയിലും പുതിയ നോട്ടുകളിലെ സുരക്ഷാവീഴ്ച്ചകള്‍ രാജ്യസഭയിലും ബഹളത്തിനിടയാക്കി. കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ബിജെപി എം.പി മീനാക്ഷി ലേഖി ഇന്നും ഉന്നയിച്ചു.
ഗുജറാത്തില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ കല്ലേറ് കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ലോക്സഭയില്‍ ഉന്നയിച്ചത്. കശ്മീരില്‍ ഭീകരര്‍ സൈന്യത്തിനുനേരെ നടത്തുന്ന കല്ലേറുമായി ബന്ധപ്പെടുത്തിയാണ് ഖാര്‍ഗേ രാഹുലിനുനേരെയുണ്ടായ ആക്രമണശ്രമം അവതരിപ്പിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് ബഹളംവെച്ചു. സ്പീക്കര്‍ സുമിത്ര മഹാജന് സഭ തല്ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചു.
പിന്നീട് സഭചേര്‍ന്നപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടി നല്കി. രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ഗുജറാത്ത് സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും സുരക്ഷ ഉറപ്പാക്കിയിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. എന്നാല്‍ സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ രാഹുല്‍ ലംഘിച്ചു. സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടാത്ത പല സ്ഥലങ്ങളിലും രാഹുല്‍ പോയി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രാഹുല്‍ ഗാന്ധി നൂറിലധികം തവണ സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് സഭയില്‍ അറിയിച്ചു. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകളിലെ സുരക്ഷാമാനദണ്ഡങ്ങളില്‍ വീഴ്ച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു