അബ്ദുല്‍ നാസര്‍ മഅദനിയുടെ യാത്രയ്ക്ക് കേരളമല്ല കര്‍ണാടക തന്നെ സുരക്ഷയൊരുക്കണമെന്ന്് സുപ്രീംകോടതി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയ ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ കര്‍ണാടക സര്‍ക്കാരിന്റെ ശ്രമമെന്ന് രൂക്ഷമായ ഭാഷയില്‍ കോടതി ചോദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ യാത്രാബത്തയും ദിനബത്തയും മാത്രമേ മഅദനിയില്‍ നിന്ന് ഈടാക്കാന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിട്ടു. വിധി കര്‍ണാടക സര്‍ക്കാരിന് മുഖത്തേറ്റ അടിയെന്ന് പി.ഡി.പി പ്രതികരിച്ചു.
പൊലീസുകാര്‍ക്ക് യാത്രാചെലവ് നല്കാന് മഅദനി തൊഴില്‍ദാതാവല്ല എന്ന് നിരീക്ഷിച്ച ജസ്റ്റിസ് എസ്.എ. ബൊബഡെ അധ്യക്ഷനായ ബെഞ്ച്, മഅദനിയില്‍ നിന്ന് യാത്രാബത്തയും ദിനബത്തയും അല്ലാതെ മറ്റ് ചെലവുകള്‍ ഈടാക്കരുതെന്ന് കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സുപ്രീംകോടതി ഉത്തരവിനെ ഗൗരവത്തോടെ കാണണം. യാത്രാബത്തയും ദിനബത്തയും കൂടി എത്ര തുകയാകുമെന്ന് നാളെ അറിയിക്കാനും കോടതി ഉത്തരവിട്ടു.
മഅദനിക്ക് സുരക്ഷ നല്കാന് തയാറാണെന്ന് കേരളം അറിയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല. മഅദനി വിഷയം നാളെ വീണ്ടും കോടതി പരിഗണിക്കും.