പ്രവാസികള്‍ക്ക് പ്രോക്സി വോട്ട് ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് സിപിഎം. പ്രോക്സിവോട്ട് തെറ്റായ കീഴ്വഴക്കമാണെന്നും വിദേശത്തെ എംബസികളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കണമെന്നുമാണ് സിപിഎമ്മിന്റെ വാദം. എന്നാല്‍ പ്രോക്സി വോട്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പ്രവാസികളുടെ വോട്ടവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ച ഷംസീര്‍ വയലില്‍ സ്വാഗതം ചെയ്തു.
പ്രവാസി ഇന്ത്യക്കാര്‍ക്കു നാട്ടില്‍ വരാതെ പകരക്കാരനെക്കൊണ്ടു വോട്ടു ചെയ്യുന്ന പ്രോക്സി വോട്ടിങ് സൗകര്യമൊരുക്കി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം ഇന്നലെയാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍വോട്ടും അനുവദിക്കാവുന്നതാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ,ഇപ്പോള്‍ പ്രോക്സി വോട്ടിങ് മാത്രം അനുവദിക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നതിനും ക്രമക്കേടുകള്‍ നടക്കുന്നതിനും പ്രോക്സി വോട്ട് വഴിവെയ്ക്കുമെന്നാണ് സിപിഎം നിലപാട്. വിദേശത്തെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ വോട്ടുരേഖപ്പെടുത്താന്‍ പ്രവാസികള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടതെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി പറയുന്നു.
എംബസികളില്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നത് അത്ര പ്രായോഗികമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. പ്രോക്സി വോട്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ പ്രവാസി വോട്ടവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ച ഡോക്ടര്‍ ഷംസീര്‍ വയലില്‍ സ്വാഗതം ചെയ്തു.
ഇ തപാല്‍ വോട്ട് അനുവദിക്കണമോ എന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിമാരുടെ സമിതി പിന്നീട് തീരുമാനിക്കുമെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.