തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പാര്‍ട്ടിയിലും സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി. ടി.ടി.വി.ദിനകരന്‍ സജീവപാര്‍ട്ടി പ്രവര്‍ത്തനത്തിലേക്കിറങ്ങുന്ന സാഹചര്യത്തിലാണ് ഇ.പി.എസിന്‍റെ നീക്കം. പനീര്‍സെല്‍വം വിഭാഗത്തിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ധനമന്ത്രി ഡി.ജയകുമാര്‍ ആവര്‍ത്തിച്ചു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലാ നേതാക്കളെയും അങ്ങോട്ട് ചെന്ന് കാണാനാണ് ടി.ടി.വി.ദിനകരന്‍റെ നീക്കം. അതിനിടയിലാണ് മുഖ്യമന്ത്രി എം.എല്‍.എമാരുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തിയത്. ദിനകരന്‍ സജീവമായ സാഹചര്യത്തില്‍ പാര്‍ട്ടിയിലും കൂടെ സ്വാധീനം ശക്തമാക്കുകയാണ് എടപ്പാടിയുടെ ലക്ഷ്യം. മുഖ്യമന്ത്രി തന്നെ പാര്‍ട്ടിയെയും നയിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെക്കണ്ട ധനമന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി നല്ല ബന്ധത്തിലാണെന്നും അതിന് വേറെ അര്‍ഥങ്ങള്‍ നല്‍കേണ്ടെന്നുമായിരുന്നു എന്‍.ഡി.എയുടെ ഭാഗമാകുമോ എന്ന ചോദ്യത്തിനുള്ള മറുപടി.
ദിനകരനെ അനുകൂലിക്കുന്ന എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. പനീര്‍സെല്‍വം വിഭാഗത്തിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പളസ്വാമി വിഭാഗം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ലയനം ഉടനുണ്ടാകില്ലെന്നാണ് ഒ.പി.എസ് വിഭാഗം പറയുന്നത്.