കേരളത്തില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി. താലിബാന്‍ മാതൃകയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും ബിജെപി നേതാക്കള്‍ ലോക്സഭയില്‍ ആരോപിച്ചു. അതേസമയം സമാധാനചര്‍ച്ചകള്‍ക്കുപിന്നാലെ തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞു. ബിജെപി അംഗങ്ങളായ മീനാക്ഷി ലേഖി, പ്രഹ്‍ളാദ് ജോഷി എന്നിവരാണ് സിപിഎമ്മിനെ താലിബാനോട് ഉപമിച്ച് ലോക്സഭയില്‍ പ്രസ്താവന നടത്തിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്ന് പ്രഹ്ളാദ് ജോഷി കുറ്റപ്പെടുത്തി. അക്രമങ്ങള്‍ ദേശീയസുരക്ഷാ ഏജന്‍സി അന്വേഷിക്കണം. അതേസമയം മുഖ്യമന്ത്രി ഇടപെട്ട് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ചര്‍ച്ചകള്‍ നടത്തിയശേഷവും സംഘര്‍ഷത്തിന് ശമനമില്ല. തിരുവനന്തപുരം കാട്ടാക്കടയില്‍ സിഐടിയു ഏരിയ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.ഫ്രാന്‍സിസിന്റെ വീടിനുനേരെ പെട്രോള്‍ ബോബെറിഞ്ഞു.
അര്‍ധരാത്രി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വീടിന്റെ ജനല്‍ കത്തിപ്പോയി. കാട്ടാക്കടയില്‍ നേരത്തേയുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തെത്തുടര്‍ന്ന് വ്യവസായി കൂടിയായ ഫ്രാന്‍സിസിന്റെ വീടിന് കാവലേര്‍പ്പെടുത്തിയിരുന്നു. പൊലീസുകാരെ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഏറ്റവും ഉയര്‍ന്ന തലത്തില്‍ ചര്‍ച്ചനടത്തിയിട്ടും സംഘര്‍ഷം തുടരുന്നത് ഇരുപാര്‍ട്ടികളുടേയും നേതൃത്വത്തിന് തലവേദനയാകും.