കന്നഡിഗര്‍ക്കിടയില്‍ പ്രാദേശിക വികാരം ഉണര്‍ത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിഡിയോ. 14 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കര്‍ണാടകയില്‍ കഴിയുന്ന ഇതരസംസ്ഥാനക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് മുഖ്യമന്ത്രിയെ തന്നെ മുന്‍നിര്‍ത്തി പ്രാദേശിക വികാരം ഉണര്‍ത്താനുള്ള കോണ്‍ഗ്രസ് നീക്കം.
കന്നഡനാടിന്റെ ചരിത്രം പറഞ്ഞാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിഡിയോ ആരംഭിക്കുന്നത്. കന്നഡ മണ്ണും ഭാഷയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് സിദ്ധരാമയ്യ കന്നഡിഗരോട് ആഹ്വാനം ചെയ്യുന്നു. ഒപ്പം കര്‍ണാടകയിലെ ഇതരസംസ്ഥാനക്കര്ക്ക് ഒരു മുന്നറിയിപ്പും. അയല്‍ക്കാര്‍ കന്നഡിഗരുടെ സഹോദരങ്ങളാണ് പക്ഷേ ഭാഷയും മണ്ണും മലിനപ്പെടുത്താന്‍ ശ്രമിച്ചാല്‍ സഹിക്കില്ലന്നും കര്‍ണാടക നമ്മ ഹെമ്മ അഥവ കര്‍ണാടക നമ്മുടെ അഭിമാനം എന്ന വിഡിയോയിലൂടെ സിദ്ധരാമയ്യ പറയുന്നു.
ബി. ജെ പിയുടെ വര്‍ഗീയദ്രുവീകരണം ചെറുക്കാനാണ് കന്നഡ വികാരവുമായി മുഖ്യമന്ത്രിയെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കിയതെന്ന് വ്യക്തം. സ്കൂളുകളില്‍ കന്നഡ ഭാഷ നിര്‍ബന്ധമാക്കിയും, മെട്രോ സ്റ്റേഷനില്‍ നിന്ന് ഹിന്ദി ബോര്‍ഡ് നീക്കാന്‍ കേന്ദ്രത്തിന് കത്തയച്ചും തൊഴിലിടങ്ങളില്‍ സ്വദേശീവല്ക്കരണത്തെ അനുകൂലിച്ചും കന്നഡ വികാരത്തിന് ഒപ്പം നില്‍ക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്.