ബെംഗളൂരുവിലെ ആഡംബര റിസോട്ടില്‍ കഴിയുന്ന ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എ മാരെ മൈസൂരുവിലേയ്ക്കോ മടിക്കേരിയിലേയ്ക്കോ മാറ്റിയേക്കും. രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍പേര്‍ പാര്‍ട്ടി വിടുമെന്ന സൂചനയെതുടര്‍ന്നാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ അഹമദാബാദില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിച്ചത്. കനത്ത സുരക്ഷയാണ് റിസോര്‍ട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ണാടകയിലെ മൂന്ന് ആഡംബര റിസോര്‍ട്ടുകളിലായാണ് ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ മാരെ പാര്‍പ്പിച്ചിരിക്കുന്നത്. മുപ്പത് പേര് രാമനഗര ജില്ലയിലും ബിഡദിയിലും ബാക്കിയുള്ളര്‍ തുംകൂരു റോഡിലെയും.
ദേവനഹള്ളിയിലെയും റിസോട്ടുകളിലുമാണ്. എണ്ണായിരം മുതല്‍ പതിനായിരം രൂപവരെയാണ് റിസോര്‍ട്ടുകളിലെ പ്രതിദിന വാടക. മറ്റ് ചെലവുകള്‍ ഉള്‍പ്പടെ നാലരലക്ഷത്തോളം രൂപയാണ് ഒരു ദിവസം എം എല്‍ എ മാര്‍ക്കായി ചെലവഴിക്കുന്നത്. ഒരു ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ 25 പൊലീസുകാരെയാണ് റിസോര്‍ട്ടുകളില്‍ സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. റിസോര്‍ട്ടിലേയ്ക്ക് വരുന്നവരെയെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. എം എല്‍ എ മാര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നാണ് സൂചന. കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ ശിവകുമാറിനും സഹോദരനും എം പി യുമായ ഡി കെ സുരേഷിനുമാണ് എം.എല്‍.എമാരുടെ സംരക്ഷണ ചുമതല. വരും ദിവസങ്ങളില്‍ മൈസൂരുവിലേയ്ക്ക് മടിക്കേരിയിലേയ്ക്ക് എം എല്‍ എ മാരെ മാറ്റുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 182 അംഗ നിയമസഭയില്‍ 57 ആയിരുന്നു കോണ്‍ഗ്രസിന്റെ അംഗബലം. പ്രതിപക്ഷ നേതാവായിരുന്ന ശങ്കര്‍ സിങ് വഗേലയുടെ രാജിക്കു പിന്നാലെ ആറ് എം എല്‍ എ മാര്‍ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് വിട്ട എം എല്‍ എ ബല്‍വന്ത് സിങ്ങ് രാജ്പുത്തിനെ ബി ജെ പി രാജ്യസഭയിലേക്കുള്ള മൂന്നാം സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാല്പത് എം എല്‍ എ മാരെ കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലേക്ക് മാറ്റിയത്. കൂടുതല്‍ എം എല്‍ എ മാര്‍ പാര്‍ട്ടിവിട്ടാല്‍ അഹമദ് പട്ടേലിനെ ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് എത്തിക്കുക കോണ്‍ഗ്രസിന് വെല്ലുവിളിയാകും. അമിത് ഷായും സ്മൃതി ഇറാനിയുമാണ് എന്‍ ഡി എയുടെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍.