പശു സംരക്ഷണത്തിന്റെയും ബീഫിന്റെയും പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്കെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇത്തരം അക്രമങ്ങള്‍ക്ക് എത്രയും വേഗം അറുതി വരുത്തണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കൊലപാതകങ്ങള്‍ പതിവായിമാറിയെന്ന് ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.
പശുസംരക്ഷണത്തിന്റെയും ബീഫിന്റെയും പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളില്‍ വേദനയുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. നാഷ്ണല്‍ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ സ്മരണിക പ്രകാശനവും വെബ്സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകവും നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്നു. ഇത് അവസാനിപ്പിക്കേണ്ടതാണ്. ആളുകള്‍ കൊല്ലപ്പെടുകയും ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രണം വിട്ടു ആക്രമണങ്ങള്‍ നടത്തുന്നമായ വാര്‍ത്തകളാണ് ടിവിയിലും പത്രങ്ങളിലും ഉള്ളത്. രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള് ജാഗ്രതപുലര്ത്തുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു.
അസഹിഷ്ണുതയുടെ നാളുകള്‍ മടങ്ങിവരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഭരണകൂടം വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ഹരിയാനയിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി ജുനൈദ് എന്ന പതിനാറുകാരന് കൊല്ലപ്പെട്ടിരുന്നു. പശുസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ മോദിയുടെ പ്രസംഗത്തിന് മണിക്കൂറുകള്‍ക്കകം ബീഫ് കടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയിരുന്നു.