സൈനികക്ഷേമത്തിന് ഊന്നല്‍ നല്കുന്ന ശമ്പളപരിഷ്ക്കരണത്തിന് കേന്ദ്രകാബിനറ്റ് അംഗീകാരം. സൈനികരുടെ പല ആനുകൂല്യങ്ങളും എടുത്തുകളയണമെന്ന ഏഴാം ശമ്പളകമ്മിഷന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തളളി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടുവാടക അലവന്‍സ് അടക്കം ആനുകൂല്യങ്ങളില്‍ ശമ്പളകമ്മിഷന്‍ ശുപാര്‍ശ ഭാഗികമായി അംഗീകരിച്ചു.
സിയാച്ചിന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് നല്കുന്ന പ്രത്യേക അലവന്‍സ് കേന്ദ്രസര്‍ക്കാര്‍ ഇരട്ടിയിലധികമാക്കി. ജവാന്മാരുടെ ആനുകൂല്യം പതിനാലായിരം രൂപയില്‍ നിന്ന് മുപ്പതിനായിരം രൂപയാക്കിയാണ് ഉയര്‍ത്തിയത്. സംഘര്ഷരഹിതമേഖലകളിലെ സൈനികര്‍ക്ക് നല്കുന്ന റേഷന്മണി അലവന്‍സും, സൗജന്യ റേഷനും എടുത്തുക്കളയണമെന്ന ശമ്പളകമ്മിഷന്‍ ശുപാര്‍ശ കേന്ദ്ര കാബിനറ്റ് അംഗീകരിച്ചില്ല. ഈ ആനുകൂല്യങ്ങള്‍ തുടരുന്നതോടെ നാല്പത്തിമൂവായിരം സൈനികര്‍ക്ക് പ്രയോജനം ലഭിക്കും. വെല്ലുവിളിയുളള സാഹചര്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും പ്രത്യേക ദൗത്യങ്ങളുടെ ഭാഗമാകുന്നവര്ക്കുമുളള ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു. മുപ്പത്തിനാല് സുപ്രധാനമാറ്റങ്ങളാണ് കാബിനറ്റ് തീരുമാനിച്ചത്.
മറ്റ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പല അലവന്‍സുകളും എടുത്തുക്കളയാന്‍ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചു. നൂറ്റിതൊണ്ണൂറ്റിയേഴ് ആനുകൂല്യങ്ങള്‍ ,നൂറ്റി ഇരുപത്തിയെട്ടായി ചുരുങ്ങും. നാല്പത്തിയെട്ട് ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്ക്കരണം പ്രയോജനപ്പെടും. ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തിലാകുന്ന വിധമാണ് ശമ്പളപരിഷ്ക്കരണം.