രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാ കുമാര്‍. രാഷ്ട്രീയത്തില്‍ ഇത്തരം നീക്കങ്ങള്‍ സംഭവിക്കാറുണ്ട്. ഇന്ത്യയുെട രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായ ദിശാമാറ്റമാണ് ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പെന്നും പിന്തുണതേടി കേരളത്തിലെത്തുമെന്നും മീരാ കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെക്കുറിച്ച് തന്ത്രപരമായാണ് മീരാ കുമാര്‍ പ്രതികരിച്ചത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പ്രധാനപ്പെട്ട പതിനേഴ് പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുന്നത് സുപ്രധാന സംഭവമാണ്. കൃത്യമായൊരു രാഷ്ട്രീയ പശ്ചാത്തലം ഇതിനുണ്ട്. രാജ്യത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ആശയപരമായ പോരാട്ടമാണ് തന്റേതെന്നും ലോക്സഭാ മുന്‍ സ്പീക്കര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ നിര്‍ണായക നിലപാടെടുത്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് നന്ദിയുണ്ട്. പിന്തുണ തേടി എല്ലാ പാര്‍ട്ടികളെയും സമീപിക്കും. തന്നെ പിന്തുണയ്ക്കാനുള്ള ജെഡിയു കേരളഘടകത്തിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ട്. ദലിത്, പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്കായി താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്ക്കുമുന്നിലുണ്ടെന്നും മീരാ കുമാര്‍ പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനുശേഷവും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സഹകരിക്കുന്ന കാര്യം ചര്‍ച്ചചെയ്യണം. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും മീരാ കുമാര്‍ പറഞ്ഞു.