രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ സ്ഥാനാര്‍ഥിക്കായി പ്രതിപക്ഷനിരയില്‍ കൂടിയാലോചനകള്‍ സജീവമെങ്കിലും ഭിന്നത തുടരുന്നു. പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിച്ചുനിര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തും. എന്‍ഡിഎയുടെ റാം നാഥ് കോവിന്ദ് ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു.
ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് കൂടിയാലോചനകളില്ലാതെയാണെന്നാരോപിച്ച് ഇടഞ്ഞുനില്‍ക്കുന്ന ശിവസേന റാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ മുംബൈയില്‍ ചേരുന്ന നേതൃയോഗത്തില്‍ തീരുമാനമെടുക്കും.വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ദലിത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെങ്കില്‍ പിന്തുണയ്ക്കില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.ശിവസേന കൂടെയില്ലെങ്കിലും ടിആര്‍എസ്, ടിഡിപി, എ.െഎ.എ.ഡി.എം.കെ, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ബിജെപിക്കാവും.
ദലിത് വിഭാഗത്തില്‍ നിന്നുള്ള റാംനാഥ് കോവിന്ദിനെ എതിര്‍ക്കുന്നതിനോട് പ്രതിപക്ഷത്തെ ചിലകക്ഷികള്ക്ക് യോജിപ്പില്ല. കോവിന്ദ് രാജിവെച്ചതോടെ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിക്കാണ് ബിഹാറിന്റെ അധികച്ചുമതല. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍, മുന്‍കേന്ദ്രമന്ത്രി സുശില്‍ കുമാര്‍ ഷിന്‍ഡെ, ബി. ആര് അംബേദ്ക്കറുടെ ചെറുമകന് പ്രകാശ് അംബേദ്ക്കര്‍ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷ നിരയില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍ െഎക്യമില്ലെങ്കില് സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ നിലപാട്. ജെഡിയുവിന്റെ നിലപാട് തീരുമാനിക്കാന്‍ നിതീഷ് കുമാര്‍ നാളെ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അന്തിമതീരുമാനമെടുക്കാന്‍ വ്യാഴാഴ്ച്ചയാണ് പ്രതിപക്ഷനേതാക്കള്‍ യോഗം ചേരുക.