പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ബംഗാളില്‍ ശക്തമാകുന്നു. ഗൂര്ഖാജനമുക്തിമോര്ച്ചാ നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് ഡാര്‍ജിലിങ്ങില്‍ കലാപം രൂക്ഷമായി. പൊലീസ് സ്റ്റേഷനുകളും വാഹനങ്ങളും പ്രക്ഷോഭകാരികള്‍ തീവെച്ചു. സംഘര്‍ഷം നിയന്ത്രിക്കാനായി അറന്നൂറ് അര്‍ധസൈനികരെ കേന്ദ്രസര്‍ക്കാര്‍ ഡാര്‍ജിലിങില്‍ വിന്യസിച്ചു.
ബംഗാളി ഭാഷ നിര്‍ബന്ധമാക്കാനുള്ള മമതാബാനര്‍ജി സര്‍ക്കാരിന്റെ നീക്കത്തെതുടര്‍ന്നാണ് ഡാര്‍ജിലിങ്ങില്‍ പ്രക്ഷോഭം ശക്തമായത്. തീരുമാനത്തില്‍ നിന്ന് പ്രദേശവാസികളെ ഒഴിവാക്കിയെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചെങ്കിലും രേഖമൂലം ഉറപ്പ് നല്‍കണമെന്ന പ്രക്ഷോഭകാരികളുടെ ആവശ്യം മുഖ്യമന്ത്രി മമതാബാനര്‍ജി അംഗീകരിച്ചില്ല. ഇതോടെ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് സഖ്യമുപേക്ഷിച്ച് പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നതോടെ പ്രതിഷേധം കൂടുതല്‍ രൂക്ഷമായി. ഇതിനിടെ ഗൂര്ഖാജനമുക്തി മോര്‍ച്ചാ നേതാവ് ബിമല്‍ ഗുരുങിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. അന്പും വില്ലും മുതല്‍ തോക്കുകള്‍ വരെയുള്ള അറുന്നൂറോളം ആയുധങ്ങള്‍ കണ്ടെടുത്തു. ഇതോടെ പ്രതിഷേധം അക്രമാസക്തമായി. പൊലീസ് സ്റ്റേഷനുകള്‍ അഗ്്നിക്കിരയാക്കിയ പ്രക്ഷോഭകര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ത്തു. മേഖലയില്‍ ഒരു മാസത്തെ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പുതിയ സംസ്ഥാനം രൂപീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച വ്യക്തമാക്കി. സമാധാനം പുനസ്ഥാപിക്കാനുള്ള സംസ്ഥാനസര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു.