എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഇരുപത്തിമൂന്നിന് പ്രഖ്യാപിക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങി. അതിനിടെ, സമവായ നീക്കങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷനേതാക്കളുമായി വെള്ളിയാഴ്ച്ച ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്നോടിയായി പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു.
ഈ മാസം 25 ന് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ അമേരിക്ക സന്ദര്‍ശനത്തിന് മുന്‍പ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രികാ സമര്‍പ്പണം നടത്താനാണ് നീക്കം. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സമിതിയിലെ അംഗങ്ങളും കേന്ദ്രമന്ത്രിമാരുമായ രാജ്്നാഥ് സിങും വെങ്കയ്യ നായ്ഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ചര്‍ച്ച നടത്തി. പൊതുസമ്മതനായി വ്യക്തിയെ സമവായത്തിലൂടെ കണ്ടെത്താനാണ് പ്രധാനമന്ത്രി നല്കിയ നിര്‍ദേശം. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, കേന്ദ്രമന്ത്രി സുഷമ സ്വരാജ് തുടങ്ങിയ പേരുകളാണ് എന്‍ഡിഎയില്‍ സജീവ പരിഗണനയിലുള്ളത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ആവര്‍ത്തിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷകക്ഷികളുമായി ചര്‍ച്ച നടത്തുകയെന്ന കീഴ്വഴക്കം ലംഘിച്ചുവെന്ന വിമര്‍ശനത്തെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സമവായനീക്കങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരെ വെങ്കയ്യ നായ്ഡുവും രാജ്്നാഥ് സിങും വെള്ളിയാഴ്ച്ച കാണും. പ്രതിപക്ഷകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നെങ്കിലും സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല.അടുത്ത മാസം പതിനേഴിന് നടക്കുന്ന തിരഞ്ഞെടുപ്പിന് ഇന്നുമുതല്‍ 28വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.