പശുവിനെ ദേശീയമൃഗമാക്കണമെന്ന് ഉത്തരവിട്ട രാജസ്ഥാന് ഹൈക്കോടതി ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാകുന്നു. മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന് ഉള്‍പ്പെടെയുള്ള പ്രമുഖരും ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.മയിലിന്റെ പ്രജനനരീതിയെക്കുറിച്ചുള്ള ജഡ്ജിയുടെ അഭിപ്രായത്തെച്ചൊല്ലി വ്യാപകമായി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
വിരമിക്കുന്ന ദിവസമാണ് തന്റെ സുപ്രധാന വിധിയെന്ന ആമുഖത്തോടെയാണ് രാജസ്ഥാന് ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ പശുവിനെ ദേശീയമൃഗമാക്കണമെന്ന ഉത്തരവിട്ടത്. എന്നാല്‍ ദേശീയപക്ഷിയായ മയിലുകളെക്കുറിച്ചുള്ള പരാമര്‍ശമാണ് മഹേഷ് ചന്ദ്രശര്മയെ ട്രോളുകാരുടെ പ്രിയങ്കരനാക്കിയത്. ആണ് മയിലുകളുടെ കണ്ണീര് കുടിച്ചാണ് പെണ്മയിലുകള് പ്രസവിക്കുന്നതെന്നും ആണ് മയിലുകള്‍ നിത്യ ബ്രഹ്മചാരികളാണെന്നും ശര്‍മ പങ്കുവെച്ചു. പിന്നെ കണ്ടത് ട്രോള്‍ മഴയുടെ പൂരമായിരുന്നു. പ്രമുഖ ട്രോള്‍ പേജുകളായ ഐ.സി.യു, ട്രോള്‍ റിപ്പബ്ലിക്ക് എന്നിവയില്‍ ഇപ്പോള്‍ മഹേഷ് ശര്‍മയാണ് താരം.
എന്നാല്‍ രൂക്ഷമായ ഭാഷയിലുള്ള പ്രതിഷേധത്തിനും സമൂഹമാധ്യമങ്ങള്‍ വേദിയായി. വിവരവും വിദ്യാഭ്യാസവുമില്ലാത്ത ആളുകള്‍ ജഡ്ജിയായിരുന്നാല് കാര്യങ്ങള്‍ ഇങ്ങനെയിരിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന് ട്വിറ്ററിലൂടെ പ്രതികരിച്ചു. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും ജസ്റ്റിസ് മഹേഷ് ശര്‍മ വിധിച്ചിരുന്നു.