ദേശീയരാഷ്ട്രീയത്തില്‍ ബാബ്റി കേസ് വീണ്ടും സജീവചര്‍ച്ചയായിരിക്കെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. താല്‍ക്കാലികമായി നിര്‍മ്മിച്ച രാമക്ഷേത്രത്തില്‍ മുഖ്യമന്ത്രി അര്‍ച്ചന നടത്തി. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് ഉത്തര്‍പ്രദേശിലെ ഒരു മുഖ്യമന്ത്രി അയോധ്യയിലെത്തുന്നത്.
ബാബ്റി ഗൂഢാലോചന കേസില്‍ അഡ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ വിടുതല്‍ ഹര്‍ജി തള്ളിയ ലഖ്നൗ സി.ബി.ഐ കോടതിയുടെ നടപടിയ്ക്ക് പിന്നാലെയാണ് യോഗിആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനം. രാവിലെ ഒന്‍പത് മണിയോടെ അയോധ്യയിലെ ഹനുമാന് ക്ഷേത്രത്തിലെത്തിയ യോഗി ആദിത്യനാഥ് സരയൂ നദീതീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജാകര്‍മ്മങ്ങളിലും പങ്കെടുത്തു. 2002ന്ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി അയോധ്യയിലെത്തുന്നത്. ഹനുമാന് ഗര്ഹിയിലെത്തിയ മുഖ്യമന്ത്രിയെ വിവിധ ഹിന്ദുസംഘടനാനേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
അയോധ്യയുടെ വികസനപദ്ധതികള്‍ ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുത്തു. വൈകീട്ട് ബി.ജെ.പി സംഘടിപ്പിക്കുന്ന റാലിയിലും മുഖ്യമന്ത്രി സംസാരിക്കും. അയോധ്യയില്‍ സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ഇതിനായി മുഖ്യമന്ത്രി എന്ന നിലയില്‍ മുന്നിട്ടിറങ്ങുമെന്നും മനോരമന്യൂസിന് നല്കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് വ്യക്തമാക്കിരുന്നു. ഈ സന്ദര്‍ഭത്തില്‍ ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനത്തെ ഏറെ ഗൗരവത്തോടെയാണ് രാഷ്ട്രീയനിരീക്ഷകര്‍ നോക്കിക്കാണുന്നത്. അതിനിടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി. വര്‍ഗീയ കലാപത്തില്‍ ദുരിതത്തിലായ സഹാരന്‍പൂരിലെ ഗ്രാമീണരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഇതുവരെയും തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.