അമ്മവേഷങ്ങളിലൂടെ പ്രശസ്തയായ ബോളിവുഡ് താരം റീമ ലാഗൂ അന്തരിച്ചു. 59വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് മുംബൈയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 1970കളിൽ മറാത്തി സിനിമയിലൂടെ എത്തിയ റീമ എൺപതുകളോടെയാണ് ബോളിവുഡിൽ സജീവമായത്. എന്നാല്‍ അമ്മ വേഷങ്ങളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
സൂപ്പര്‍ താരങ്ങളായ സല്മാന് ഖാന്, ഷാരൂഖ് ഖാന് തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചതോടെ റീമ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി മാറി. മേനെ പ്യാര് കിയാ, ഹം ആപ്കെ ഹെ കോന്‍, കുച്ച് കുച്ച് ഹോത്താ ഹെ, ഹം സാത്ത് സാത്ത് ഹെ, കല് ഹോ നാ ഹോ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ സല്മാന്, ഷാരൂഖ് എന്നിവരുടെ അമ്മയായത് റീമയായിരുന്നു. നാലു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം നേടി.
എന്നാൽ അടുത്തകാലത്തായി ടിവി ഷോകളിലും, സീരിയലുകളിലും അവർ സജീവമായിരുന്നു. പ്രശസ്ത ടെലിവിഷന്‍ സീരിയലായ ശ്രീമാന്‍ ശ്രീമതിയിലും അഭിനയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് റീമയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഹൃദയാഘാതം മൂലം പിന്നീട് മരണം സംഭവിച്ചു. റീമയുടെ അപ്രതീക്ഷിതമായ വേർപാടിൽ അനുശോചനം അറിയിക്കുകയാണ് ബോളിവുഡ് ലോകം ഒന്നടങ്കം.