അധോലോക നായകന് ഹാജി മസ്താനായി അഭിനയിയ്ക്കാന്‍ രജനികാന്തിന് ബിജെപിയുടെ പിന്തുണ. ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജനാണ് രജനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. എന്നാല്‍ സൂപ്പര്‍സ്റ്റാറിന്റെ അടുത്ത സിനിമയ്ക്ക് ഹാജി മസ്താനുമായി യാതൊരു ബന്ധവുമില്ലെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വാദം.
കബാലിയ്ക്കു ശേഷം പാ. രഞ്ജിത്തും രജനികാന്തും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ അധോലോക നായകനായ ഹാജി മസ്താന്റെ വേഷത്തിലാണ് രജനി എത്തുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റ അടിസ്ഥാനത്തിലാണ് ചിത്രത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഹാജി മസ്താന്റെ ദത്തുപുത്രന് സുന്ദര്‍ ശേഖര്‍ ഭീഷണിയുമായെത്തിയത്. ഹാജി മസ്താനെ അധോലോക നായകനായി ചിത്രീകരിച്ചാല്‍ അതിന്റെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് പറഞ്ഞ സുന്ദര്‍ ശേഖര്‍, രജനികാന്തിന് വക്കീല്‍ നോട്ടീസുമയച്ചു. ഇതിന് പിന്നാലെയാണ് രജനിയ്ക്ക് പിന്തുണയുമായി ബിജെപി എത്തിയത്. താരത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും ഇതിനായി ബിജെപി ഒന്നടങ്കം കൂടെയുണ്ടാകുമെന്നും സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്രാജന് ഉറപ്പു നല്കി.
എന്നാല്‍ അടുത്ത ചിത്രത്തിന് ഹാജി മസ്താനുമായി യാതൊരു ബന്ധവുമില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. മുംബൈയിലെ ഒരു അധോലോക നായകനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഇത് പൂര്‍ണമായും സാങ്കല്‍പ്പിക കഥയാണ്. അല്ലാതെ സിനിമയ്ക്ക് ആരുമായും ബന്ധമില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.