എയർ ഇന്ത്യയുടെ അനാസ്ഥ; ബാഗും 12 ലക്ഷത്തിന്റെ വസ്തുക്കളും നഷ്ടപ്പെട്ടു

fazil-basheer
SHARE

മെന്റലിസ്റ്റ് ഫാസിൽ ബഷീറാണ് എയർ ഇന്ത്യയുടെ അനാസ്ഥയുടെ ഏറ്റവും പുതിയ ഇര. ഇന്നലെ (16) രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള  എഐ 933 എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഫാസിൽ നഷ്ടപ്പെട്ടത്. മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ പന്ത്രണ്ട് ലക്ഷത്തോളം രൂപ വില മതിക്കുന്ന വസ്തുക്കളടങ്ങിയ ബാഗിനെക്കുറിച്ചാണ് ഒരു വിവരവും ഇല്ലാത്ത്. കൊച്ചിയിൽ നിന്നും ബാഗ് ഫ്ലൈറ്റിൽ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസും ദുബായിൽ വന്ന ഫ്ലൈറ്റിൽ ആ ബാഗ് ഇല്ല എന്നുമാണ് ദുബായ് എയർ ഇന്ത്യ ഓഫീസും പറയുന്നത്.

സാധാരണയിൽ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കൾ കയറ്റി അയക്കുന്ന  OOG (ഔട്ട് ഓഫ് ദ ഗേജ് ) വഴിയാണ് ബാഗ് ഫാസിൽ കയറ്റിവിട്ടത്. നേരിട്ട് സ്കാൻ ചെയ്ത് എയർ ഇന്ത്യ സ്റ്റാഫിന് കൈമാറുകയായിരുന്നു. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് യുഎഇ സമയം 1.20ന് ദുബായിൽ വിമാനം ഇറങ്ങി ലഗേജ് എടുക്കാൻ പോയപ്പോൾ ബാഗ് കാണുന്നില്ല. അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ബാഗ് വന്നിട്ടില്ലെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. നാട്ടിൽ നിന്ന് ബാഗ് അയച്ചതിന്റെ റസീറ്റ് സഹിതം കാണിച്ചിട്ടും രക്ഷയില്ല. അതേസമയം ബാഗ് അയച്ചെന്ന് തന്നെയാണ് കൊച്ചി എയർ ഇന്ത്യ അധികൃതരുടെ നിലപാട്. കയറ്റി വിട്ടവിമാനം മാറി പോയതായിരിക്കാമെന്ന സംശയത്തിന് അടിസ്ഥാനമില്ലെന്നും അവർ വ്യക്തമാക്കി.

മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ രീതിയിൽ അമേരിക്കയിൽ നിന്ന് പ്രത്യേകം പറഞ്ഞുണ്ടാക്കിയതാണ് ബാഗിലെ വസ്തുക്കൾ. സംഗീതോപകരണങ്ങൾ കൊണ്ടുവരുന്നതുപോലെ പ്രത്യേക ബോക്സിൽ അടച്ചാണ് oog വഴി കയറ്റി അയച്ചത്. ഇതിന് മുൻപ് പത്തിലേറെ തവണയെങ്കിലും യുഎഇയിലേക്ക് മാത്രം പരിപാടിക്കായുള്ള വസ്തുക്കളുമായി എത്തിയിട്ടുണ്ടെന്നും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും ഫാസിൽ മനോരമ ന്യൂസിനോട് പറഞ്ഞു.

ദുബായിൽ ഇന്ന് (17) ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന നിലമ്പൂർ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ് ഫാസിൽ ബഷീർ. പരിപാടിക്ക് ആവശ്യമായ വസ്തുക്കൾ ഇല്ലാത്തതിനാൽ പരിപാടി മുടങ്ങി. ഈ മാസം 21ന് നാട്ടിലും പരിപാടിയുണ്ട്. അടുത്തമാസം ഒമാനിലാണ് ഷോ. നഷ്ടപ്പെട്ട വസ്തുക്കൾ കിട്ടാതെ ഇനി പരിപാടി അവതരിപ്പിക്കാൻ ആകില്ല. കൊച്ചി എയർ ഇന്ത്യ അധികൃതർ പറയുന്നത് ശരിയാണെങ്കിൽ വിമാനത്താവളത്തിൽ നിന്ന് മറ്റാരെങ്കിലും ബാഗ് കടത്തികൊണ്ടുപോയതായിരിക്കുമോയെന്ന സംശയലവും ഫാസിലിനുണ്ട്. എന്തായാലും നിയമനടപടികളുമായി മുന്നോട്ട്പോകാനാണ് തീരുമാനം. 

Air India's negligence; The bag and goods worth 12 lakhs were lost

MORE IN GULF
SHOW MORE