ദുബായിൽ രണ്ട് പുതിയ പാർക്കുകൾ; വരും മാസങ്ങളിൽ 55 പാർക്കുകൾ കൂടി നിർമിക്കും

dubai-park-2
SHARE

ദുബായ് അൽ വർഖ മേഖലയിലാണ് രണ്ട് പാർക്കുകൾ എല്ലാവിധ സൗകര്യങ്ങളോടും കൂടി സന്ദർശകരെ കാത്തിരിക്കുന്നത്. എൺപത് ലക്ഷം ദി‍ർഹം ചെലവാക്കി ദുബായ് മുനിസിപ്പാലിറ്റിയാണ് കുടുംബാംഗങ്ങൾക്ക് ഒന്നടങ്കം ആസ്വദിച്ച് സമയം ചെലവഴിക്കാൻ കഴിയുന്ന പാർക്കുകൾ ഒരുക്കിയത്.  അൽ വർഖ മേഖലയിലെ വൺ , ഫോ‍ർ ഡിസ്ട്രിക്റ്റുകളിലായാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 

ദുബായിൽ 125 പാർക്കുകൾ, ഫാമിലി എന്റർടെയ്ൻമെന്റ് സ്ക്വയറുകൾ, കളിസ്ഥലങ്ങൾ എന്നിവ നിർമിക്കാൻ ലക്ഷ്യമിട്ടാണ് ദുബായ് മുനിസിപ്പാലിറ്റി ഫാമിലി സ്ക്വയറുകളുടെയും വിനോദ സൗകര്യങ്ങളുടെയും പദ്ധതി ആരംഭിച്ചത്. എമിറേറ്റിലെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുമായി ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പദ്ധതി വിഭാവനം ചെയ്തത്. 2019 നും 2021 നും ഇടയിൽ ഇത്തരത്തിൽ 70 സംവിധാനങ്ങളൊരുക്കി. വരും മാസങ്ങളിൽ ഒൻപത് കോടി മുപ്പത് ലക്ഷം ദിർഹം ചെലവിൽ 55 ഫാമിലി പാർക്കുകളും വിനോദ സൗകര്യങ്ങളും നിർമിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി പറഞ്ഞു.  എമിറേറ്റിൽ ജീവിത നിലവാരം ഉയർത്തുന്ന പൊതുപാർക്കുകളും വിനോദ സൗകര്യങ്ങളും നിർമിക്കാനുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ  ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.  

നിലവിൽ നാല് ഫാമിലി സ്‌ക്വയറുകൾ സ്ഥാപിക്കാനാണ് ദുബായ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. അതിൽ രണ്ടെണ്ണമാണ് അൽ വർഖ വൺ , ഫോർ ജില്ലകളിലായി പൂർത്തിയാക്കിയത്. മറ്റ് രണ്ടെണ്ണത്തിന്റെ നിർമാണം അൽ നഹ്ദ വൺ, ഹോർ അൽ അൻസ് ഈസ്റ്റ് എന്നിവിടങ്ങളിൽ പുരോഗമിക്കുകയാണെന്നും വൈകാതെ പൂർത്തിയാകുമെന്നും ദാവൂദ് അൽ ഹാജിരി പറഞ്ഞു.    

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം ചെറിയ പരിപാടികൾ സംഘടിപ്പിക്കാനും ഫാമിലി എന്റർടൈൻമെന്റ് സ്‌ക്വയറുകൾ വിനിയോഗിക്കാം. വൈവിധ്യമാർന്ന വിനോദ - കായിക പരിപാടികൾ നടത്താനുള്ള സൗകര്യങ്ങൾക്കൊപ്പം നിശ്ചയദാർഢ്യക്കാർക്കും അനുയോജ്യമായ രീതിയിലാണ്  ഫാമിലി സ്പേസുകളെല്ലാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.  

Dubai announces completion of 2 new parks

MORE IN GULF
SHOW MORE