
45 ഇനങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ച് യുഎഇ. ലഹരിമരുന്ന്, വ്യാജ കറൻസി, മന്ത്രവാദ സാമഗ്രികൾ, മതവിരുദ്ധ പ്രസിദ്ധീകരണങ്ങൾ, കലാസൃഷ്ടികൾ, ചൂതാട്ട ഉപകരണങ്ങൾ, ലേസർ പെൻ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങൾ, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണി ചെയ്തതുമായ ടയറുകൾ തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. നിയമം ലംഘിച്ച് ഇത്തരം ഉൽപന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്കും മറ്റൊരു രാജ്യത്തേക്കു കടത്തുന്നവർക്കും കടുത്ത ശിക്ഷയുണ്ടാകും. യുഎഇയിലേക്കു വരുന്നവർ നിരോധിത, നിയന്ത്രിത ഉൽപന്നങ്ങൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആവശ്യപ്പെട്ടു.
ജീവനുള്ള മൃഗങ്ങൾ, മത്സ്യങ്ങൾ, സസ്യങ്ങൾ, രാസവളങ്ങൾ, കീടനാശിനികൾ, ആയുധങ്ങൾ, വെടിമരുന്ന്, പടക്കങ്ങൾ, മരുന്നുകൾ, മറ്റു സ്ഫോടക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉൽപന്നങ്ങളും, ആണവോർജ ഉൽപന്നങ്ങൾ, ട്രാൻസ്മിഷൻ, വയർലെസ് ഉപകരണങ്ങൾ, ലഹരി പാനീയങ്ങൾ എന്നിവയാണ് യുഎഇയിൽ നിയന്ത്രിത വസ്തുക്കൾ. നിയമലംഘകർക്ക് തടവും പിഴയും ശിക്ഷ ലഭിക്കും. നിരോധിത, നിയന്ത്രിത വസ്തുക്കൾ കസ്റ്റംസിൽ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെയും നടപടിയുണ്ടാകും.