2000 രൂപ സ്വീകരിക്കാതെ മണി എക്സ്ചേഞ്ചുകൾ; പ്രവാസികളെ എങ്ങനെ ബാധിക്കും ?

indian-currency
SHARE

ദുബായ്: 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചതോടെ യുഎഇ അടക്കമുള്ള ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളും വിനോദ സഞ്ചാരികളും പ്രതിസന്ധിയിലായി. തങ്ങളുടെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ട് മണി എക്സ്ചേഞ്ചുകൾ (ധനവിനിമയ കേന്ദ്രങ്ങൾ) സ്വീകരിക്കാത്തതാണ് അവരെ കുടുക്കിയത്. രണ്ടായിരത്തിന്റെ നോട്ടുകൾ സ്വീകരിച്ചാൽ അതു വിറ്റഴിക്കാൻ സാധിക്കാതെ തങ്ങളും കുഴയുമെന്നും ഇതു കാരണമാണ് സ്വീകരിക്കുന്നത് നിർത്തിയതെന്നും ദുബായിലെ മണി എക്സ്ചേഞ്ച് അധികൃതർ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

സന്ദർശനത്തിനും വിനോദ സഞ്ചാരത്തിനുമെത്തിയ ഇന്ത്യക്കാര്‍ തങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ മാറ്റി ദിർഹം വാങ്ങിക്കാനായി മണി എക്സ്ചേഞ്ചുകളെ സമീപിച്ചപ്പോൾ അവ ഇന്ത്യയിൽ കൊണ്ടുപോയി അവരുടെ അക്കൗണ്ടുള്ള ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കുകയാണുണ്ടായത്. ഇതോടെ പലരും യുഎഇയിൽ ചെലവഴിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിലുമായി. 

അതേസമയം, തങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ ഇടപാടുകാരാരും വാങ്ങിക്കാൻ തയാറാകുന്നില്ലെന്ന് മണി എക്സ്ചേഞ്ചുകാരും പറഞ്ഞു. പല എക്സ്ചേഞ്ചുകളിലും വൻ തോതിൽ രണ്ടായിരത്തിന്റെ നോട്ടുകളുണ്ട്. അവ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ മണി എക്സ്ചേഞ്ച് അധികൃതരും വിഷമഘട്ടത്തിലാണ്. മാത്രമല്ല, ഇനി ഇൗ നോട്ടുകൾക്ക് വിനിമയ നിരക്കും വളരെ കുറവായിരിക്കും ലഭിക്കുകയെന്ന് അൽ റുസുക്കി മണി എക്സ്ചേഞ്ച് പ്രതിനിധി പറഞ്ഞു. 

ആർബിെഎ നോട്ട് പിൻവലിക്കാൻ തീരുമാനിച്ചയുടൻ തന്നെ യുഎഇയിലെ എക്സ്ചേഞ്ചുകൾ അവ സ്വീകരിക്കാൻ വിമുഖത കാട്ടിയിരുന്നു. യുഎഇയിൽ അൻപതിലേറെ മണി എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കെല്ലാമായി ആയിരത്തിലേറെ ശാഖകളുമുണ്ട്.

Money exchanges in UAE shun Indian currency after RBI decides to withdraw Rs 2000 note

MORE IN GULF
SHOW MORE