യുഎഇയില്‍ 52 കോടിയുടെ ലഹരി മരുന്ന് പിടികൂടി; 24 പേര്‍ അറസ്റ്റില്‍

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നുവേട്ട. യുഎഇയിലെ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 52 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. ഏഷ്യന്‍, അറബ് വംശജരായ 24പേര്‍ അറസ്റ്റിലായി. ഷാര്‍ജ പൊലീസിലെ ആന്‍റിനര്‍ക്കോടിക്സ് വിഭാഗം ദുബായ്, അജ്മാന്‍ പൊലീസുകളുമായി സഹകരിച്ചാണ് ബ്ലാക് ബാഗ്സ് എന്ന പേരില്‍ രഹസ്യ ഓപറേഷന്‍ നടത്തിയത്. 120 കിലോ ഹഷിഷ്, 30ലക്ഷം ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു.

എമിറേറ്റില്‍ നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടകളിലൊന്നാണിതെന്ന് ആന്‍റി നര്‍ക്കോടിക്സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്‍റ് കേണല്‍ മാജിദ് അല്‍ അസ്സം പറ​ഞ്ഞു. വിദേശത്തുനിന്നുള്ള നിര്‍ദേശമനുസരിച്ചായിരുന്നു സംഘത്തിന്‍റെ പ്രവര്‍ത്തനമെന്നും യുഎഇയിലെ വിവിധയിടങ്ങളില്‍ വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി. ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവര്‍ 8004654 എന്ന നമ്പരില്‍ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

Sharjah police arrest 24 drug related crimes