ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം; യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം

yusuff
SHARE

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നൽകിയ സഹായങ്ങൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സൗദി ഭരണാധികാരികളുടെ ആദരം. നാഷനല്‍ ഫോറം ഫോര്‍ ചാരിറ്റബിള്‍ വര്‍ക്കിന്‍റെ (ഇഹ്‌സാന്‍) രണ്ടാമത് വാര്‍ഷിക ചടങ്ങിൽ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസില്‍ നിന്ന് യൂസഫലിക്ക് വേണ്ടി ലുലു സൗദി അറേബ്യ ഡയറക്ടര്‍ ഷഹീം മുഹമ്മദ് ആദരം ഏറ്റുവാങ്ങി.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന സംഘടനയാണ് ‘ഇഹ്‌സാന്‍’. സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ സൗദി ജയിലുകളില്‍ കഴിയുന്ന ആളുകളെ സഹായിക്കുക, രാജ്യത്തിന്‍റെ വികസനപ്രക്രിയകളില്‍ അവരെ പങ്കാളികളാക്കുക തുടങ്ങി വിശാലമായ ലക്ഷ്യങ്ങളാണ് സംഘടനയ്ക്കുള്ളത്. 'ഇഹ്സാന്' എം.എ യൂസഫലി നല്‍കിയ 10 ലക്ഷം റിയാലിന്‍റെ സംഭാവന സ്തുത്യര്‍ഹമായ കാല്‍വെപ്പാണെന്ന് റിയാദിൽ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

നിരാലംബരായ 50 ലക്ഷം പേര്‍ ഇഹ്‌സാന്‍ ചാരിറ്റിയുടെ ഗുണഭോക്താക്കളാണ്. ഇവരില്‍ ഭൂരിഭാഗവും അനാഥരും വയോധികരുമാണ്. സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റിയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്. സൗദി ഭരണനേതൃത്വം നൽകിയ ഈ അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് യൂസഫലി പറഞ്ഞു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കൂടെ നിൽക്കുന്നതാണ് ഏറ്റവും പുണ്യമായ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Saudi government honour m a yusuff ali.

MORE IN GULF
SHOW MORE