saudi-accident18-3

മക്ക: സൗദിയിൽ രണ്ടു കുട്ടികളടക്കം  മൂന്നു മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടലിൽ പ്രവാസി സമൂഹം. ഖത്തറിൽ നിന്ന് ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് സ്വദേശികളായ ഫൈസലും കുടുംബവുമാണ് ഇന്നു രാവിലെ തായിഫിൽ അപകടത്തിൽപ്പെട്ടത്. താഇഫിലെത്താൻ 71 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

 

ഫൈസലും കുടുംബവും ഇന്നലെ രാവിലെ പത്തരയോടെയാണു ഖത്തറിൽ നിന്നു മക്കയിലേക്കു പുറപ്പെട്ടത്. വഴിമധ്യേ സുബ്ഹി (പ്രഭാത ) നമസ്കാരം കഴിഞ്ഞു വീണ്ടും യാത്ര തുടരുമ്പോഴായിരുന്നു അപകടം. കാരണം എന്താണെന്നു വ്യക്തമല്ല. വാഹനം മറിഞ്ഞതു മാത്രമാണ് തനിക്ക് ഓർമയുള്ളതെന്നു ഫൈസൽ പിന്നീട് പറഞ്ഞു. ഫൈസലിന്റെ മക്കളായ അഭിയാൻ ഫൈസൽ(7), അഹിയാൻ ഫൈസൽ(4), ഭാര്യയുടെ അമ്മ സാബിറ അബ്ദുൾഖാദർ (55) എന്നിവരാണ് അപകടത്തിൽ മരിച്ചത്. 

 

ഫൈസലും ഭാര്യാപിതാവും തായിഫ് അമീർ സുൽത്താൻ ആശുപത്രിയിലാണ്.  ഫൈസലിന്റെ പരുക്ക് ഗുരുതരമല്ല.  ഫൈസലിന്റെ ഭാര്യ സുമയ്യ, പിതാവ് അബ്ദുൽ ഖാദർ എന്നിവരുടെ പരുക്ക് സാരമുള്ളതല്ല. അവർക്ക് പ്രഥമശുശ്രൂഷ നൽകി. ഇവരെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റേതെങ്കിലും  ആശുപത്രിയിലേക്കു മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. മക്കയിലുള്ള ഇവരുടെ ബന്ധുക്കൾ ത്വായിഫിൽ എത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടുള്ള മറ്റു നടപടികൾ പുരോഗമിക്കുന്നു. ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ നാലകത്ത് മുഹമ്മദ് സ്വാലിഹ്, പന്തളം ഷാജി, ഷമീം നരിക്കുനി എന്നിവർ സഹായവുമായി രംഗത്തുണ്ട്.