കൊലപാതകം നടത്തി മുങ്ങിയത് 17 വർഷം; സൗദിയിൽ പിടിവീണു, കേരളാ പൊലീസ് നേരിട്ടെത്തി

വയനാട്ടിലെ റിസോര്‍ട്ട് ഉടമയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ നാട്ടിലേയ്ക്ക് കോണ്ടുപോകാന്‍ കേരള പൊലീസ് സംഘം റിയാദില്‍. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമ ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീം (52) വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ് ഖത്തര്‍- സൗദി അതിര്‍ത്തിയായ സല്‍വയില്‍ നാലു മാസം മുൻപ് സൗദി പൊലീസ് പിടികൂടിയത്. പിന്നീട് തുടർ നടപടികൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് കേരള പൊലീസ് നേരിട്ടെത്തി അറസ്റ്റ് ചെയ്തത്. 17 വര്‍ഷത്തിന് ശേഷമാണ് പ്രതി സൗദി പൊലീസിന്റെ പിടിയിലായത്.

2006ലായിരുന്നു പ്രതി കോഴിക്കോട് താമരശ്ശേരിയിൽ വച്ച് അബ്ദുൽ കരീമിനെ കൊലപ്പെടുത്തിയത്. അതിനുശേഷം ഗൾഫിലേയ്ക്ക് കടക്കുകയായിരുന്നു. കേരള പൊലീസ് പ്രതിയെ പിടികൂടാൻ ഇന്റർ പോളിന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഉംറ ചെയ്യാനോ മറ്റോ സൗദി അറേബ്യയിലേക്ക് റോഡ് മാർഗം വന്നപ്പോൾ സൽവ അതിർത്തി പോസ്റ്റിൽ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സാൽവ ജയിലിൽ അടച്ചു.  

ഇയാളുടെ അറസ്റ്റിനെക്കുറിച്ച് സൗദി അധികൃതർ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം മുഖേന കേരള പൊലീസിനെ അറിയിച്ചു. നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളെടുത്തു. പിന്നീട് ഡിജിപി അനിൽകാന്ത് പ്രതികളെ കേരളത്തിലെത്തിക്കാൻ മൂന്നംഗ ക്രൈം ബെഞ്ച് സംഘത്തെ ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ക്രൈംബ്രാഞ്ച് എസ്പി കെ. മോതീൻകുട്ടി, ഇൻസ്‌പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തി. സൗദി അധികൃതരുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ സംഘം പൂർത്തിയാക്കി.