മലയാളി യുവാവിന്റെ ആത്മഹത്യ: പലിശക്കാരൻ മുങ്ങി ?; പ്രവാസി സംഘടനകൾ ജാഗ്രതയിൽ

rajeevan-suicide
SHARE

മനാമ: അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങളിലും മാനസിക പീഡനങ്ങളിലുംപെട്ട് മലയാളികൾ ജീവനൊടുക്കുന്നതിനെ തുടർന്നു ബഹ്റൈനിലെ പ്രവാസി സംഘടനകൾ ജാഗ്രതയിൽ.

അതേസമയം, ഏറ്റവുമൊടുവിൽ ആത്മഹത്യ ചെയ്ത  മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് ഹൗസിൽ രാജീവൻ പച്ചാട്ടി(40)ന്റെ മരണത്തിനു കാരണക്കാരനായ ബഹ്റൈൻ മദീനത് ഹമദിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ ബ്ലേഡുകാരൻ മനോരമ ഒാൺലൈൻ വാർത്തയെ തുടർന്ന് നാട്ടിലേക്കു മുങ്ങിയതായി സൂചന ലഭിച്ചു. മനാമയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് ഹൗസിൽ രാജീവൻ പച്ചാട്ടി(40)ന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ മലയാളിക്കെതിരെ ഭാര്യ പി.എം.സിംജിഷ  ഇന്ത്യൻ, ബഹ്റൈൻ അധികൃതർക്ക്  പരാതി നൽകിയത് സംബന്ധമായി ഇൗ മാസം 19നാണ് മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചത്.

കൊള്ളപ്പലിശക്കാർ സകല പരിധികളും ലംഘിക്കുകയാണെന്നു പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ  സംഘങ്ങൾക്കെതിരെ മുഴുവൻ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങളും വ്യക്തികളും ബഹറൈനിൽ ഏറെക്കാലമായി സജീവമാണ്.

ഇവരുടെ ചൂഷണത്തിനിരയായി സാധാരണക്കാരായ പ്രവാസികളുടെ ജീവനും ജീവിതവും നഷ്ടപ്പെടുകയോ താറുമാറാവുകയോ ചെയ്യുന്ന സംഭവങ്ങൾ വര്‍ധിച്ചുവരുന്നു. പലിശക്കാരന്റെ സമ്മർദ്ദം താങ്ങാനാകാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന രാജീവൻ പച്ചാട്ടിന്റെ ഭാര്യയും കുടുംബവും അധികൃതർക്ക് പരാതി നൽകിയതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജീവൻ പലിശക്കാരന് അവസാനമായി അയച്ച ശബ്ദസന്ദേശം ഇതിലേക്കു വിരൽചൂണ്ടുന്നു. വളരെ വേദനാജനകവും മനഃസാക്ഷിയുള്ള ഏതൊരാളെയും പ്രയാസപ്പെടുത്തുന്നതുമാണ്.

പ്രവാസ ഭൂമിയിൽ നടക്കുന്ന ആത്മഹത്യകളിൽ അധികവും സാമ്പത്തികവുമായി ബന്ധപെട്ടുള്ളതാണെന്നു സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കൊക്കെ അറിയാവുന്ന കാര്യമാണ്. ഉപജീവനാർഥം നാടും വീടും വിട്ടു മണലാരണ്യത്തിൽ എത്തപ്പെടുന്ന  പ്രവാസികളെ ചൂഷണം ചെയ്യുന്ന കൊള്ള പലിശക്കാരെ ബഹറൈനിലെ അധികാരി സമൂഹത്തിനുമുന്നിൽ കൊണ്ടുവരേണ്ടതിന്  ഇവിടെയുള്ള സാമൂഹിക ഉത്തരവാദിത്വമുള്ള മുഴുവൻ സംഘടനകളും  നേതാക്കളും ശ്രമിക്കേണ്ടതുണ്ടെന്നും പറഞ്ഞു. 

പലിശ വിരുദ്ധ സമിതിക്ക് ലഭിക്കുന്ന പരാതികൾ  ഇരകൾക്ക് ഗുണകരമായ രീതിയിൽ തന്നെ പരിഹരിക്കുവാൻ സമിതിക്ക് സാധിക്കുന്നു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട ചില പരാതികൾ  ഇന്ത്യൻ എംബസി മുമ്പാകെ കൊണ്ടുവരാൻ  പലിശ വിരുദ്ധ സമിതിക്ക് സാധിച്ചിട്ടുണ്ട്. ഓപ്പൺ ഹൗസ് മുഖേനയും അല്ലാതെയും ഇന്ത്യൻ എംബസിയിൽ എത്തിക്കുന്ന പരാതികളിൽ എംബസി അധികൃതരും ഐസിആർഎഫും സ്വീകരിക്കുന്ന ഇടപെടലുകൾ  സന്തോഷകരമാണ്. 

ആർഭാടജീവിതം ഒഴിവാക്കണം

പ്രവാസികൾ തങ്ങളുടെ വരുമാനത്തിനൊത്ത് ജീവിതം ചിട്ടപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അനാവശ്യ ജീവിത ചെലവുകളും കുത്തഴിഞ്ഞ ജീവിത രീതികളുമാണ് പല  പ്രവാസികളെയും പലിശക്കെണിയിൽ വീഴ്ത്തുന്നതെന്നും പലിശ വിരുദ്ധ സമിതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.  

പൊങ്ങച്ചത്തിനും ആർഭാടത്തിനും വേണ്ടി പലിശക്കാരുടെ കെണിയിൽ പെടുന്നവരും ധാരാളം ഉണ്ട്. പലിശക്കാരൻ  ആവശ്യപ്പെടുന്ന എല്ലാ രേഖകളും നൽകാൻ തയ്യാറാവുന്നവരാണ് പണം വാങ്ങുന്നവർ. ബ്ലാങ്ക് ചെക്കുകളിലും മുദ്രപ്പത്രങ്ങളിലും ഒപ്പിട്ടുകൊടുക്കുകയും  പാസ്‌പോർട്ടും മറ്റും ഇവർക്ക് നൽകുകയും ചെയ്യുന്നു. ഇതു കൊണ്ടാണ് പലിശക്കാർക്ക് എളുപ്പത്തിൽ ഈ പാവങ്ങളെ കള്ളക്കേസിൽ കുടുക്കാനും യാത്രാതടസം ഉണ്ടാക്കാനും സാധിക്കുന്നത്. പലിശക്കാരന് അനുകൂലമായ ഏകപക്ഷീയമായ കരാറുകൾ ആണ് എപ്പോഴും അവർ ഉണ്ടാക്കുന്നത്. തിരിച്ചടവ് നടത്തിയ പണത്തിന്റെ രേഖകളോ രസീതോ ഇല്ലാത്തതും പലിശക്കാർക്ക് നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കാരണമാകുന്നു. ഏതു സാഹചര്യത്തിലും യാതൊരു കാരണവശാലും ബ്ലാങ്ക് ചെക്കുകൾ നൽകുകയോ മുദ്രപത്രങ്ങളിൽ ഒപ്പിട്ടു നൽകുകയോ പാസ്പോർട്ട് പോലുള്ള യാത്ര രേഖകൾ നൽകിയോ സ്വയം കുരുക്കിൽ അകപ്പെടാതിരിക്കുകയോ ചെയ്യണം. ഒപ്പം  തിരിച്ചടവായി നൽകുന്ന പണം രേഖാമൂലം നൽകാനും ശ്രദ്ധിക്കണം. വാങ്ങിയ പണത്തിന്റെ പതിന്മടങ്ങ് തിരിച്ചടച്ചാലും ഇവരുടെ കെണിയിൽ നിന്നു രക്ഷപ്പെടാൻ സാധിക്കുകയില്ല എന്നതാണ് കഴിഞ്ഞ ദിവസം മനോരമ ഒാൺലൈനിൽ പ്രസിദ്ധീകരിച്ച രാജീവൻ പച്ചാട്ടിൻ്റെ വാർത്തയിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. ഇത് പോലെയുള്ള ധാരാളം ഹതഭാഗ്യർ ഇവിടെ കേസിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. ലഭിക്കുന്ന ശമ്പളം മുഴുവൻ ഈ പലിശക്കാർക്ക് നൽകികൊണ്ടിരിക്കുകയാണ് പലരും. 

പലിശക്കെണിയിൽപ്പെട്ടവർ ഉടൻ പരാതി നൽകണം

ഇവരുടെ കെണിയിൽ പെടുന്ന പലരും ഏറെ വൈകിയാണ് സമിതിയേയും സാമൂഹിക പ്രവർത്തകരെയും സമീപിക്കുന്നത്. കെണിയിൽ പെടുന്നവരും ഇവരുടെ ഭീഷണിയും മർദ്ദനങ്ങളും നേരിടുന്നവരും പെട്ടെന്നു തന്നെ അധികാരികൾക്ക് രേഖാമൂലം പരാതി നൽകുകയാണ് വേണ്ടത്. ഇവരുടെ ഇടപാടുകൾ തികച്ചും ഇവിടത്തെ നിയമത്തിന് വിരുദ്ധമാണെന്നും മനസിലാക്കുക. 

സാമൂഹിക ഉത്തരവാദിത്തമുള്ള മുഴുവൻ പ്രവാസി സംഘടനകളുടെയും നാളിതുവരെയായി  പലിശ വിരുദ്ധ സമിതിക്ക് നൽകിയ പിന്തുണയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു അതോടൊപ്പം തുടർന്നും സഹകരണവും പിന്തുണയും ആവശ്യപ്പെടുന്നതായും പലിശ വിരുദ്ധ സമിതി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. ഫോൺ: 36710698(ബദറുദ്ദീൻ പൂവാർ).

Money lender involved in suicide of keralite youth, missing from bahrain

MORE IN GULF
SHOW MORE