ഖത്തറിൽ റോഡ് സുരക്ഷ ഉറപ്പിച്ച് അധികൃതർ; ഗതാഗത നിയമ ലംഘനങ്ങൾ കുറയുന്നു

gulf road
SHARE

ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞുതുടങ്ങി. 2021 ഡിസംബറിൽ 1,96,185നിയമലംഘനങ്ങൾ റജിസ്റ്റർ ചെയ്തെങ്കിൽ കഴിഞ്ഞ ഡിസംബറിൽ അത് 76,160 കേസുകളായി കുറഞ്ഞു. വർഷാടിസ്ഥാനത്തിൽ 61.2 കുറവ്. രാജ്യത്ത് റോഡ് സുരക്ഷ വർധിക്കുന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. മാസാടിസ്ഥാനത്തിൽ നോക്കുമ്പോൾ 2022 നവംബറിനെ അപേക്ഷിച്ച് 35.5 ശതമാനമാണ് കുറവ്. കഴിഞ്ഞ നവംബറിൽ 1,18,117 ഗതാഗത ലംഘനങ്ങളാണ് രാജ്യത്ത് റജിസ്റ്റർ ചെയ്തത്. പുതിയ വാഹന റജിസ്‌ട്രേഷനുകൾ വർധിക്കുന്നതിനിടയിൽ ഗതാഗത ലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയുന്നുവെന്നത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ സ്വീകരിക്കുന്ന സമഗ്ര നടപടികൾ ഫലപ്രദമാണെന്നതാണ് ചൂണ്ടിക്കാട്ടുന്നത്.

റോഡ് അപകട മരണ നിരക്ക് കുറയാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഗതാഗത വകുപ്പ് സ്വീകരിച്ചു വരുന്നത്. ഗതാഗത ലംഘനങ്ങളിൽ അമിത വേഗക്കാരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുള്ളത്. 2021 ഡിസംബറിൽ 1,45,226 കേസുകളായിരുന്നത് 2022 ഡിസംബറിൽ 27,818 കേസുകളായി കുറഞ്ഞു. 80.9 ശതമാനമാണ് വർഷാടിസ്ഥാനത്തിലുള്ള കുറവ്.മാസാടിസ്ഥാനത്തിൽ 56.4 ശതമാനമാണ് കുറവ്. കഴിഞ്ഞ നവംബറിൽ അമിത വേഗത്തിന്റെ 63,779 ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഗതാഗത മുന്നറിയിപ്പ് അടയാളങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങളിലും വർഷാടിസ്ഥാനത്തിൽ 54.6 ശതമാനമാണ് കുറവ്. 2021 ഡിസംബറിൽ 2,428 കേസുകൾ ആയിരുന്നത് കഴിഞ്ഞ ഡിസംബറിൽ 2,169 ആയാണ് കുറഞ്ഞത്. ഗതാഗത മൂവ്‌മെന്റ്, വേഗപരിധി എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളിലും ഡിസംബറിൽ ഗണ്യമായി കുറഞ്ഞു.ഓവർടേക്കിങ്, ലൈസൻസ്, സ്റ്റാൻഡ് ആൻഡ് വെയിറ്റ് ചട്ടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളിൽ മാത്രമാണ് വാർഷിക വർധനയുള്ളത്. 

2021 ഡിസംബറിൽ ഓവർടേക്കിങ് ലംഘനങ്ങൾ 159 ആയിരുന്നത് 2022 ഡിസംബറിൽ 229 ആയി. 2021 ഡിസംബറിൽ ലൈസൻസ് ലംഘനങ്ങൾ 44 ആയിരുന്നത് ഇക്കഴിഞ്ഞ ഡിസംബറിൽ 64 ആയി ഉയർന്നു. സ്റ്റാൻഡ് ആൻഡ് വെയിറ്റ് ചട്ട ലംഘനം 2021 ഡിസംബറിൽ 14,576 ആയിരുന്നത് കഴിഞ്ഞ ഡിസംബറിൽ 18,565 ആയാണ് ഉയർന്നത്.27.4 ശതമാനമാണ് വാർഷിക വർധന. അതേസമയം ഡിസംബറിൽ 992 വാഹന അപകടങ്ങളാണ് നടന്നത്. 19 പേരാണ് മരണമടഞ്ഞത്. 46 എണ്ണം ഗുരുതരവും 927 എണ്ണം ചെറിയ അപകടങ്ങളുമാണ്. അമിത വേഗം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്താൻ രാജ്യത്തുടനീളമായി റഡാറുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിനു പുറമെ ഉദ്യോഗസ്ഥരുടെ പട്രോളിങ്ങും ശക്തമാണ്. റോഡ് സുരക്ഷ ഉറപ്പാക്കാനും അപകടങ്ങൾ കുറയ്ക്കാനും പൊതുജനങ്ങൾ ഗതാഗത ചട്ടങ്ങൾ പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന് അധികൃതർ ഓർമപ്പെടുത്തുന്നുണ്ട്.

MORE IN GULF
SHOW MORE