യാത്രക്കാരുടെ എണ്ണം കുതിച്ചുയർന്ന് ദുബായ് വിമാനത്താവളം; മുന്നിൽ ഇന്ത്യക്കാർ

SHARE
dubai airport

കാത്തിരിപ്പ് സമയം 13 മിനിറ്റിൽ താഴെ, എത്തിയത് 6.6 കോടി യാത്രക്കാർ, പുറപ്പെടൽ പാസ്‌പോർട്ട് കൺട്രോൾ നിരയിൽ 96.24 ശതമാനം യാത്രക്കാർക്കും കാത്തിരിപ്പ് സമയം അഞ്ച് മിനിറ്റിൽ താഴെ, സെക്യൂരിറ്റി ചെക്കിങ്ങിന് വേണ്ട സമയം പരമാവധി മൂന്ന് മിനിറ്റിൽ താഴെ. ദുബായ് രാജ്യാന്തര വിമാനത്താവളം ഈ വർഷം ലക്ഷ്യം വയ്ക്കുന്നത് 7.8 കോടി യാത്രക്കാരെയാണ്. കഴിഞ്ഞ വർഷം 6.6 കോടി യാത്രക്കാരായിരുന്നു വിമാനത്താവളത്തിലെത്തിയതെന്ന് അധികൃതർ പറഞ്ഞു. 2022 അവസാനപാദത്തിൽ മാത്രം ഫിഫ ലോകകപ്പിനെ തുടർന്നുള്ള യാത്രക്കാരുടെ എണ്ണം 1.9 കോടിയായിരുന്നു. 2019 ന് ശേഷം ആദ്യമായാണ് യാത്രക്കാരുടെ എണ്ണം ഇത്രയും ഉയർന്നത്. 

ഈ വർഷാവസാനം ദുബായ് ആതിഥേയത്വം വഹിക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി കോപ്പ് 28, ദുബായ് എയർഷോ എന്നിവയെല്ലാം കൂടുതൽ സന്ദർശകരെ യുഎഇയിലേയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ് പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന നിലയിൽ ജനങ്ങൾക്കും സുസ്ഥിരതയ്ക്കുമാണ് കൂടുതൽ മുൻതൂക്കം നൽകുന്നത്.കോവിഡിന് മുൻപുള്ള നിലയിലേയ്ക്ക് വളർച്ചയാരംഭിച്ച വർഷമായിരുന്നു 2022. ഈ വർഷം ലക്ഷ്യം പൂർത്തീകരിക്കും. എല്ലാ വെല്ലുവിളികളെയും അവസരമാക്കി മാറ്റാൻ വലിയ പരിശ്രമം അത്യാവശ്യമാണ്. 99 രാജ്യങ്ങളിലെ 229 ലക്ഷ്യസ്ഥാനങ്ങളിലേക്കായി 88 ലേറെ രാജ്യാന്തര വിമാനങ്ങളാണ് ദുബായിൽനിന്നും സർവീസ് നടത്തുന്നത്.

ദുബായിൽ നിന്നുള്ള 98 ലക്ഷം യാത്രക്കാർ ഇന്ത്യയിലേയ്ക്ക് പറക്കുന്നവരാണ്.  49 ലക്ഷം യാത്രക്കാരുമായി സൗദി അറേബ്യയും 46 ലക്ഷം യാത്രക്കാരുമായി യുകെയും തൊട്ടുപിന്നിലുണ്ട്. പാക്കിസ്ഥാൻ (37 ലക്ഷം), യുഎസ് (30), റഷ്യ (19), തുർക്കി (16) എന്നിങ്ങനെയാണ് മറ്റ് ലക്ഷ്യസ്ഥാനങ്ങളുടെ കണക്ക്. 2022 നാലാം പാദത്തിൽ മാത്രം ദുബായിൽ നിന്നും 96,701 തവണയാണ് വിമാനങ്ങൾ യാത്രക്കാരുമായി പറന്നത്. 2022 ലെ മൊത്തം കണക്കുപ്രകാരം 343,339 തവണ യാത്രാവിമാനങ്ങൾ പറന്നു. മുൻവർഷത്തെ അപേക്ഷിച്ച് 47 ശതമാനമാണ് വർധനവ്.

2022 നാലാം പാദത്തിൽ മാത്രമായി 420,125 ടൺ ചരക്കുനീക്കം നടത്തി. വർഷം മൊത്തം 17.2 ലക്ഷം ടൺ ചരക്കുകൾ ദുബായ് വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്തു. അതേസമയം പ്രധാന ചരക്ക് വിമാന ഓപറേറ്റർമാർ ദുബായ് വേൾഡ് ട്രേഡ് സെൻട്രലിലേക്ക് മടങ്ങിയതിനാൽ ചരക്ക് നീക്കത്തിൽ 25.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.

Dubai airport annual passenger traffic jumps

MORE IN GULF
SHOW MORE