ഖത്തർ ഇതുവരെ എത്തിച്ചത് 108 ടൺ അടിയന്തര സഹായം; 10,000 മൊബൈൽ ഹോമുകളും

qatar-help
SHARE

ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന തുർക്കിയിലെയും സിറിയയിലെയും ദുരിതബാധിതർക്കായി ഖത്തർ ഇതുവരെ എത്തിച്ചത് 108 ടൺ അടിയന്തര സഹായം. ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റ് ആണ് റെഡ് ക്രസന്റിന്റെയും ഖത്തർ ചാരിറ്റിയുടെയും സഹകരണത്തോടെ അടിയന്തര സഹായങ്ങൾ എത്തിച്ചത്. ഖത്തരി അമീരി നാവിക സേനയുടെ 3 എയർ ബ്രിഡ്ജ് വിമാനങ്ങളാണ് ഉപയോഗിച്ചത്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരമാണിത്.

ആഭ്യന്തര സുരക്ഷ സേനയായ ലഖ് വിയയുടെ  ഖത്തർ ഇന്റർനാഷനൽ സേർച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പും തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. 120 ഉദ്യോഗസ്ഥർ, 12 വാഹനങ്ങൾ, ഇന്റഗ്രേറ്റഡ് ഉപകരണങ്ങൾ, 3 ഫീൽഡ് ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് മെഡിക്കൽ ടീം, ഹ്യൂമാനിറ്റേറിയൻ എയ്ഡ്, ശൈത്യകാല വസ്ത്രങ്ങൾ, കുടുംബങ്ങൾക്ക് താമസിക്കാനുള്ള ടെന്റുകൾ, മെഡിക്കൽ സഹായങ്ങൾ എന്നിവയാണ് വിമാനങ്ങളിലുള്ളതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇരു രാജ്യങ്ങളിലേയും ദുരിതബാധിതർക്ക് അടിയന്തര താമസത്തിനായി 10,000 മൊബൈൽ ഹോമുകളും നൽകിക്കഴിഞ്ഞു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി 10 ലക്ഷം യുഎസ് ഡോളർ അനുവദിച്ചിട്ടുണ്ട്.

ഇതിനു പുറമെ ദുരിതബാധിതരുടെ ആരോഗ്യ പരിചരണം, താമസം, കുടിവെള്ളം, ഭക്ഷണം, ശുചിത്വം എന്നിവ ഉറപ്പാക്കാനായി 1 കോടി യുഎസ് ഡോളറിനായി ധനശേഖരണ ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്. തുർക്കിയിലെ ഇഡ്‌ലിബ്, അൽദാന, പടിഞ്ഞാറൻ അലെപ്പോ, ജിസ്ര അൽ ഷുഘൂർ എന്നിവിടങ്ങളിലായി റെഡ് ക്രസന്റിന്റെ 4 മൊബൈൽ ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്.അപകടത്തിനിരായവർക്ക് ആരോഗ്യ പരിചരണം നൽകാനായി ദോഹയിൽ നിന്നുള്ള വിദഗ്ധരായ മെഡിക്കൽ പ്രഫഷനലുകളെ വടക്കൻ സിറിയയിൽ നിയമിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ റെഡ് ക്രസന്റ്.

MORE IN GULF
SHOW MORE